ആലപ്പുഴയിൽനിന്ന് യാത്രപറഞ്ഞത് സലാമിന് മുത്തംനൽകി
text_fieldsആമ്പലപ്പുഴ നിയുക്ത എം.എൽ.എ എച്ച്. സലാമിന് ഗൗരിയമ്മ മുത്തം നൽകുന്നു
അമ്പലപ്പുഴ: ആലപ്പുഴയിൽനിന്ന് യാത്രപറഞ്ഞത് അമ്പലപ്പുഴ നിയുക്ത എം.എൽ.എ സലാമിന് മുത്തംനൽകി. നാമനിർദേശപത്രിക നൽകുന്നതിന് മുന്നോടിയായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ അമ്മയായ ഗൗരിയമ്മയുടെ അനുഗ്രഹം വാങ്ങാൻ പോയപ്പോൾ കിട്ടിയ അനുഭവം സലാം പങ്കുവെച്ചു. എസ്.ഡി കോളജിൽ വിദ്യാർഥി രാഷ്ട്രീയത്തിൽ ഉള്ളപ്പോൾ മുതൽ ഗൗരിയമ്മയുടെ അടുക്കൽ പലപ്പോഴും പോകുമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പും ഗൗരിയമ്മയുടെ അനുഗ്രഹം വാങ്ങി. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിന് നോമിനേഷൻ കൊടുക്കാൻ പോകുന്നതിന് മുമ്പ് സി.പി.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ. ഓമനകുട്ടൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് കവിത എന്നിവരുമൊത്താണ് ചാത്തനാട്ടെ വീട്ടിലെത്തിയത്.
കുറച്ച് സമയം രാഷ്ട്രീയ കുശലാന്വേഷണങ്ങൾ നടത്തി. യാത്രപറഞ്ഞിറങ്ങുന്നതിന് മുമ്പ് ഗൗരിയമ്മ പതുക്കെ കൈ ഉയർത്തുന്നതുകണ്ട് ഞാൻ തലതാഴ്ത്തി അരുകിലേക്ക് ചെന്നു. തലയിൽ കൈവെച്ച് അനുഗ്രഹം നൽകിയതിനുശേഷം മുഖത്ത് വലതുകൈ ചേർത്തുപിടിച്ച് ഉമ്മയും നൽകിയത് അടുത്തിടയിൽ മറ്റാർക്കും കിട്ടാത്ത ഒരു അനുഗ്രഹമായിരുന്നു.