യുവതിയുടെ മരണത്തിൽ ദുരൂഹത; പുനരന്വേഷണം വേണമെന്ന് കുടുംബം
text_fieldsആലപ്പുഴ: യുവതിയുടെ മരണത്തിൽ ദൂരഹതയുണ്ടെന്ന് കാഴ്ചപരിമിതിയുള്ള മാതാപിതാക്കളുടെ പരാതി. മണ്ണഞ്ചേരി തകിടിവെളി വി.ബി. ജയരാജിന്റെ മകൾ രേഷ്മയാണ് (27) ഭർതൃവീട്ടിൽ മരിച്ചത്. സംഭവത്തിൽ പൊലീസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകി. സെപ്റ്റംബർ 27ന് രാവിലെ എട്ടിനാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമ്പോൾ കവിളിന്റെ ഭാഗത്ത് മർദനമേറ്റ പാടുകളുണ്ടായിരുന്നു.
2021 ആഗസ്റ്റ് 20നാണ് ആലപ്പുഴ തത്തംപള്ളി കറുകയിൽ വാർഡ് തൈക്കുടംവെളി ഡിബിൽ കുമാറുമായുള്ള വിവാഹം. 20പവൻ സ്വർണവും നൽകിയിരുന്നു. പ്രസവസമയത്ത് താലിമാലയടക്കം സ്വർണം ഊരിയെടുത്ത സംഭവത്തിൽ ഇരുവരും വഴക്കിട്ട് വീട്ടിൽ വന്ന് നിന്നിരുന്നു. തൂങ്ങി മരിച്ചുവെന്ന വിവരമറിഞ്ഞ് ഭർതൃവീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ഫാനിൽ ഷാളിന്റെ ഒരറ്റം കുരുക്കിട്ട നിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. മകളുടെ പൊക്കമനുസരിച്ച് കട്ടിലിൽനിന്ന് ഷാൾ ഫാനിൽ കെട്ടാനാവില്ല.
മൂന്നുവയസ്സുള്ള രേഷ്മയുടെ മകൾ അച്ഛനും അമ്മയും വഴക്കിട്ടതായും ഫോൺ എറിഞ്ഞ് പൊട്ടിച്ചതായും പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായി രേഷ്മ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആലപ്പുഴ നോർത്ത് പൊലീസിലും ഡിവൈ.എസ്.പിയോടും പരാതിപ്പെട്ടിട്ടും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് നീതിതേടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. രേഷ്മയുടെ പിതാവിന് ഭാഗികമായ കാഴ്ചയാണുള്ളത്. മാതാവിന് പൂർണമായും കാഴ്ചയില്ല. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ രേഷ്മയുടെ പിതാവ് വി.ബി. ജയരാജ്, മാതാവ് ഷീല, ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ല സെക്രട്ടറി പി.ജി. മനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

