കനത്തചൂട്; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
text_fieldsആലപ്പുഴ: ജില്ലയിൽ ചൂട് വർധിച്ചതോടെ താപാനുബന്ധരോഗങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. അന്തരീക്ഷ താപം ക്രമാതീതമായി വർധിച്ചതിനാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വെയിലേല്‍ക്കുന്നത് മൂലം ശരീരത്തില്‍ ഹീറ്റ് റാഷ്, പേശിവലിവ്, താപശരീരശോഷണം എന്നിവയുണ്ടാകും. പ്രായമുള്ളവര്‍, രക്തസമ്മർദം പോലെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തിരക്കുള്ള ഇടങ്ങള്‍, ആഹാര പാനീയ ലഭ്യത ഇല്ലാതിരിക്കുക, നേരിട്ട് വെയിൽ ഏല്‍ക്കുക ഇവയൊക്കെ താപാനുബന്ധരോഗ സാധ്യത കൂട്ടും.
അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയര്‍പ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതിനാലാണ് ഇങ്ങനെ ഉണ്ടാകുന്നത്. എന്നാല്‍, അന്തരീക്ഷ താപം ഒരു പരിധിയില്‍ കൂടുകയും കഠിനമായ വെയില്‍ നേരിട്ട് എൽക്കുകയും ചെയ്യുന്നതാണ് സൂര്യഘാതം. ശക്തി കുറഞ്ഞതും വേഗതയിലുമുള്ള നാഡിയിടുപ്പ്, ശക്തിയായ തലവേദന, തലകറക്കം, ഉയര്‍ന്ന ശരീരോഷ്മാവ്, വറ്റിവരണ്ട ചുവന്ന ചര്‍മം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവ സൂര്യഘാതത്തിന്റെ ലക്ഷണങ്ങൾ. ഇത് കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തണുത്ത വെള്ളം കൊണ്ട് ദേഹം നനച്ച് തുടച്ച് തണുപ്പിക്കുക.
പാനീയ ശുചിത്വം ഉറപ്പാക്കുക
ആലപ്പുഴ: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. യാത്രക്ക് തയാറെടുക്കുമ്പോൾ തിളപ്പിച്ചാറിയ വെള്ളം കുപ്പിയില്‍ എടുക്കാന്‍ മറക്കരുത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍നിന്ന് ആഹാരം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നത് വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ്. ജ്യൂസുകള്‍, ഐസ്‌ക്രീം തുടങ്ങിയവ ശുദ്ധജലത്തിലാണ് ഉണ്ടാക്കുന്നതെന്ന് ഉറപ്പാക്കുക. ഭക്ഷ്യയോഗ്യമായ ഐസ് ആണ് പാനീയങ്ങളില്‍ ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കുക.
ജാഗ്രത നിര്‍ദേശങ്ങള്‍ ഇങ്ങനെ
- രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കുക
- തൊഴില്‍ സാഹചര്യമായി ബന്ധപ്പെട്ട് വെയില്‍ ഏല്‍ക്കേണ്ടവര്‍ തൊഴില്‍ സമയം ക്രമീകരിക്കുക
- കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
- കുഞ്ഞുങ്ങള്‍ക്ക് ഇടക്കിടെ പാനീയങ്ങൾ, തിളപ്പിച്ചാറിയ വെള്ളം കൊടുക്കുക.
- കിടപ്പുരോഗികളില്‍ നിര്‍ജലീകരണം ഒഴിവാക്കാൻ ഇടക്കിടെ തിളപ്പിച്ചാറിയ വെള്ളം കൊടുക്കുക
- ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ മുൻകരുതൽ സ്വീകരിക്കുക
- പൊതുപരിപാടികളും സമ്മേളനങ്ങളും രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയിൽ ഒഴിവാക്കുക
- തീ പിടിക്കുന്ന സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം
- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് ശുദ്ധജലവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം
- വായുസഞ്ചാരം ഉറപ്പാക്കുന്നതിന് പകല്‍ ജനാലകള്‍ തുറന്നിടുക
- ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ് തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുക
- ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
- വേനല്‍ക്കാല കളരികള്‍, കൂട്ടായ്മകള്‍, മറ്റ് ക്യാമ്പുകള്‍ എന്നിവ അനുയോജ്യമായ സമയത്ത് മാത്രം സംഘടിപ്പിക്കുക
- അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം പഞ്ചായത്ത് അധികൃതരും ജീവനക്കാരും ഉറപ്പാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

