സി.പി.ഐ കടുപ്പിച്ചു: കയർ മേഖലയിലെ പ്രതിസന്ധി പഠിക്കാൻ വിദഗ്ധ സമിതി
text_fieldsആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പഠിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. കയർ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
കയർത്തൊഴിലാളികൾക്കുള്ള വരുമാന പൂരകപദ്ധതി (ഇൻകം സപ്പോർട്ട് സ്കീം) പ്രകാരമുള്ള സഹായധനം, കയർ സംഘങ്ങൾക്കുള്ള പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് ഇൻസെന്റീവ്, വിപണി വിപുലീകരണ ഫണ്ട് എന്നിവ ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കയർ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി സി.പി.ഐ അടക്കം വിവിധ സംഘടനകൾ സമര രംഗത്തായിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഉദാസീനത ചൂണ്ടിക്കാട്ടി സി.പി.ഐ -എ.ഐ.ടി.യു.സി നേതാക്കൾ രംഗത്ത് വരുകയും ചെയ്തിരുന്നു. സി.പി.എം ഒഴികെ പാർട്ടികളുടെ ട്രേഡ്യൂനിയനുകളുടെ ഐക്യവേദിയും സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.