മാന്നാർ: സ്വകാര്യ സ്ഥാപനത്തിലെ ജോലിയോടൊപ്പം മട്ടുപ്പാവുകൃഷിയിൽ വിസ്മയം സൃഷ്ടിച്ച് മാന്നാർ കുട്ടമ്പേരൂർ വൈഗയിൽ പ്രഭ കുമാറും കുടുംബവും.
കൃഷി ചെയ്യാൻ സ്വന്തം സ്ഥലമില്ലാത്തതിനാൽ 500 ചതുരശ്രയടിയിലുള്ള മട്ടുപ്പാവിൽ ജൈവരീതി അവലംബിച്ച് നടത്തിവരുന്ന കൃഷി വേറിട്ട കാഴ്ചയായി.
അസം റൈഫിൾസിൽനിന്ന് സുബേദാറായി 2016ൽ വിരമിച്ചശേഷം മാന്നാറിലെ പൗർണമി ഹോം ഗാലറിയിൽ ജോലി ചെയ്യുന്നതിനിടയിൽ സമയം കണ്ടെത്തിയാണ് കൃഷി പരിപാലിക്കുന്നത്.
മട്ടുപ്പാവിൽ പ്രത്യേകം തയാറാക്കിയ മഴമറയിൽ പടവലം, പാവൽ, മുളക്, വെണ്ട, ചീര, തക്കാളി, മത്തൻ, വഴുതനം, പയർ, റെഡ് ലേഡി പപ്പായ എന്നിവയാണ് കൃഷി ചെയ്യുന്നത്. നാലു വർഷമായി വീട്ടാവശ്യത്തിനായി കൃഷി ചെയ്തിരുന്നെങ്കിലും ലോക് ഡൗൺ കാലത്താണ് വിപുലമാക്കിയത്.
ഭാര്യ കനകമ്മയും മകൾ പ്രവീണയും സഹായത്തിനായുണ്ട്. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന മകൻ പ്രേംജിത്ത്, മരുമകൾ ഗീതു എന്നിവരുടെ പിൻതുണയും ലഭിക്കുന്നുണ്ട്.