പുലയൻവഴി മത്സ്യമാർക്കറ്റ് ഒഴിഞ്ഞു;കച്ചവടം റോഡിലേക്ക് മാറ്റി വ്യാപാരികൾ
text_fieldsപുലയൻ വഴി മാർക്കറ്റ് റോഡിൽ വഴിയോരത്ത് മത്സ്യക്കച്ചവടം നടത്തുന്നു
ആലപ്പുഴ: വർഷങ്ങൾ പഴക്കമുള്ള പുലയൻവഴി മത്സ്യമാർക്കറ്റ് കാലാവധി അവസാനിച്ചതോടെ ഒഴിഞ്ഞു; പകരം സംവിധാനമില്ലാതെ റോഡിലേക്ക് കച്ചവടം മാറ്റി വ്യാപാരികൾ.
നൂറിലേറെ വർഷം പഴക്കമുള്ള പുലയൻവഴി മത്സ്യമാർക്കറ്റ് ഫെബ്രുവരി ഒന്ന് മുതൽ സമീപത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം തുടങ്ങിയെങ്കിലും സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ചന്ത പുനഃരാംഭിക്കുന്നതിൽ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെയാണ് പുതിയ പ്രതിസന്ധി. പുത്തൻകാട് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്.
മുല്ലാത്ത്, വലിയകുളം വാർഡുകളുടെ പരിധിയിൽ വരുന്ന പുലയൻവഴി ആലപ്പുഴയിലെ പ്രധാന മത്സ്യവ്യാപാര കേന്ദ്രങ്ങളിലൊന്നാണ്. കനത്തവെയിൽപോലും അവണിച്ച് സ്ത്രീകളടക്കമുള്ളവരാണ് റോഡരികിലെ മത്സ്യവ്യാപാരം.
മീൻ വാങ്ങുന്നതിനായി എത്തുന്നവരുടെ കൂട്ടവും വാഹനയാത്രക്കാർക്കും പലർക്ക് മുന്നിലും ആളുകൾ കൂട്ടംകൂടിയും നിൽക്കുന്നത് വാഹനഗതാഗതത്തെയും കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു.
അതേസമയം, സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മത്സ്യച്ചന്ത പുനരാരംഭിക്കുന്നതിനുള്ള ഹൈകോടതിയുടെ സ്റ്റേ ഒഴിവാക്കാനായി നഗരസഭ ഇടപെടൽ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പരാതി നൽകിയവരുമായി അധികൃതർ ചർച്ച നടത്തും. പുതുതായി തുടങ്ങുന്ന മത്സ്യച്ചന്തയിൽ മാലിന്യസംസ്കരണത്തിനുള്ള സംവിധാനമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. ആലപ്പുഴ മുൻസിഫ് കോടതിയിൽ നടന്ന അദാലത്തിൽ ഉടമസ്ഥാവകാശമുള്ള പുത്തൻപള്ളി കമ്മിറ്റി ഭാരവാഹികൾ മത്സ്യമാർക്കറ്റ് ഒഴിയാൻ ജനുവരി 31വരെയാണ് സാവകാശം അനുവദിച്ചിരുന്നത്.
45 സ്ത്രീകളുൾപ്പടെ 60ലധികം വ്യാപാരികളാണ് മത്സ്യമാർക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഏതാനും മാാസം മുമ്പ് വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർന്ന് സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സ്യമാർക്കറ്റ് എത്രയും പ്രവർത്തനം തുടങ്ങേണ്ടത് മത്സ്യക്കച്ചവടക്കാരുടെ മാത്രമല്ല, അവർക്കൊപ്പം വർഷങ്ങളോളം കച്ചവടം നടത്തിയ പച്ചക്കറി, പലചരക്ക് വ്യാപാരികളുടെയും ആവശ്യമാണ്.
നിലവിലെ മാർക്കറ്റ് പൊളിച്ച് അവിടെ പുതിയ ഷോപ്പിങ് കോംപ്ലക്സ് പണിയാനാണ് പുത്തൻകാട് പള്ളി കമ്മിറ്റിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

