ആലപ്പുഴ: ലോക്ഡൗൺകാലത്ത് നിർത്തിയ എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കാത്തത് സ്ഥിരം യാത്രക്കാരെ വലക്കുന്നു. ദിവസവും വൈകീട്ട് ആറിന് എറണാകുളത്തുനിന്ന് പുറപ്പെട്ട്, ചേർത്തല, ആലപ്പുഴ വഴി രാത്രി 9.05ന് കായംകുളത്ത് അവസാനിപ്പിച്ചിരുന്ന സർവിസ് കൊച്ചിയിൽ ദിവസേന ജോലിക്ക് പോകുന്ന ആയിരക്കണക്കിന് പേർക്ക് പ്രധാന ആശ്രയമായിരുന്നു.
മറ്റ് ട്രെയിനുകളെല്ലാം തിരികെ വന്നിട്ടും പാസഞ്ചർ മാത്രം തടയപ്പെട്ടുവെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പാസഞ്ചറിൽ ഒരുമാസം 270 രൂപ ചെലവഴിച്ച് സഞ്ചരിച്ചിരുന്നവർക്ക് ഇപ്പോൾ ഒരുദിവസം ബസ് ചാർജിനത്തിൽ മാത്രം 200 രൂപക്കുമുകളിൽ വേണം.
കനത്ത വിലക്കയറ്റത്തിനൊപ്പം യാത്രനിരക്കായി വൻ തുക മുടക്കേണ്ടി വന്നതോടെ, എറണാകുളത്തെ ജോലി ഉപേക്ഷിച്ചവർ പോലുമുണ്ട്. രാത്രി 7.40ന് പുറപ്പെട്ടിരുന്ന എറണാകുളം-കൊല്ലം മെമു നിർത്തലാക്കിയതും തിരിച്ചടിയായി. വൈകീട്ട് നാലിന് എറണാകുളത്തുനിന്ന് മറ്റൊരു ട്രെയിൻ പുറപ്പെടുന്നുണ്ടെങ്കിലും അഞ്ചുവരെ ഓഫിസ് ജോലിയുള്ളവർക്ക് ഇത് പ്രയോജനപ്പെടില്ല. വൈകീട്ട് 5.30ന് ഓടിയിരുന്ന ധൻബാദ് എക്സ്പ്രസ് ഉച്ചസമയത്തേക്ക് മാറ്റിയതോടെ ആ പ്രതീക്ഷയും കൈവിട്ടു.
ആകെയുള്ളത് ജനശതാബ്ദി എക്സ്പ്രസാണ്. എന്നാൽ, റിസർവേഷൻ സൗകര്യം മാത്രമുള്ള ഇതിൽ സീസൺ യാത്രക്കാർക്ക് കയറാനാവില്ല. രാവിലെ എറണാകുളത്തേക്ക് ആവശ്യത്തിന് ട്രെയിനുകളുണ്ട്. എറണാകുളം-കായംകുളം പാസഞ്ചറിനെ ഒരുദിവസം ആശ്രയിച്ചിരുന്നത് 1500 പേരാണ്. റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ്, എം.പിമാർ തുടങ്ങി എല്ലാവർക്കും പരാതിയും അപേക്ഷകളും നൽകിയിട്ടും പരിഹാരം നീളുകയാണ്.