ഉയരപ്പാത നിർമാണം: ദുരിതം തീരുന്നില്ല....
text_fieldsപൊടിശല്യം രൂക്ഷമായ തുറവൂർ-അരൂർ ദേശീയപാത
അരൂർ: അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ പൊടി ശല്യം രൂക്ഷം. സമീപത്തെ കടകളിൽ അധികവും അടച്ചു. വീടുകൾ മുഴുവൻ സമയവും അടച്ചുപൂട്ടി.
റോഡ് നനക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കാതായതോടെ പരാതി പറച്ചിലും നിർത്തി. സമരസമിതികളും ത്രിതലപഞ്ചായത്ത് അധികാരികളും മനുഷ്യാവകാശ കമീഷനും അമിക്കസ് ക്യൂറിയും ഉയരപ്പാത നിർമാണം നടത്തുന്ന കമ്പനിയോട് യാത്രക്കാരുടെയും സമീപവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനായി ഇടപെട്ടു.
ആവശ്യപ്പെടുമ്പോൾ മാത്രം ചില പൊരുത്തപ്പെടലുകൾ പേരിനു വേണ്ടി മാത്രം നടത്തി കടമയിൽനിന്ന് പിൻവലിയുന്നത് കമ്പനിയുടെ സ്ഥിരം പരിപാടിയായി. ഇപ്പോൾ നാട്ടുകാർ പരാതി പറയുന്നതു നിർത്തി. നിർമാണം തീരുന്നതുവരെ എന്തും സഹിക്കാൻ നാട്ടുകാർ തയാറാകുന്ന നിലയിലായി.
ഞായറാഴ്ച രാത്രി കുട്ടനാട്ടുകാരനായ യുവാവ് ഉയരപ്പാത നിർമാണത്തിന് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡിൽ തട്ടി വീണ് ലോറി കയറി മരിച്ച സംഭവം ഉണ്ടായിട്ടും അധികൃതർ അനങ്ങിയില്ല. രൂക്ഷമായ പൊടി ശല്യവും പരിക്കേൽക്കലും പതിവാണ്. നിർമാണ സാമഗ്രികൾ റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ തലയിലും ദേഹത്തും വീഴുന്ന സംഭവങ്ങളും നിത്യമാകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.