വയോധികയെ കെട്ടിയിട്ട് കവർച്ച: ഒരാൾ പിടിയിൽ
text_fieldsവീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിലെ പ്രതി രാജേഷിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
ആലപ്പുഴ: മാമ്പുഴക്കരിയിൽ വയോധികയെ കട്ടിലിൽ കെട്ടിയിട്ട് സ്വർണവും പണവും പാത്രങ്ങളും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബാലരാമപുരം ചാലിയോട് ചാനൽക്കര വീട്ടിൽ രാജേഷാണ് (36) പിടിയിലായത്. രാമങ്കരി അഞ്ചാം വാർഡ് വേലിക്കെട്ടിൽ കൃഷ്ണമ്മയുടെ (62) വീട്ടിലാണ് ബുധനാഴ്ച പുലർച്ച കവർച്ച നടന്നത്.
കൃഷ്ണമ്മയുടെ വീട്ടിൽ സഹായത്തിന് ഒപ്പംകൂടിയ ദീപയും (കല) മകനും മകളും ഉൾപ്പെട്ട സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാജേഷിനെ സഹായിയായി വിളിക്കുകയായിരുന്നു. കിട്ടുന്നതിൽ നാലിലൊന്ന് നൽകാമെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. മൂന്നര പവൻ സ്വർണാഭരണം, 36,000 രൂപ, എ.ടി.എം. കാർഡ്, ഓട്ടുപാത്രങ്ങൾ എന്നിവയാണ് മോഷണം പോയത്.
ദീപയുടെ മകൾ ബുധനാഴ്ച പുലർച്ച ഒരുമണിയോടെ വീട്ടിനുള്ളിൽ കയറി. രണ്ടുമണിയോടെ ദീപയുടെ മകനൊപ്പം വീട്ടിലെത്തിയ തനിക്ക് വാതിൽ തുറന്നുതന്നത് ഇവരുടെ മകളാണ്. അകത്തുകയറി അലമാര തുറക്കുന്ന ശബ്ദംകേട്ട് ഉണർന്ന കൃഷ്ണമ്മയെ മുഖത്തും തലയിലും അടിച്ചു. ഇതോടെ ബാധരഹിതയായി കട്ടിലിൽ വീണ ഇവരെ കെട്ടിയിട്ടാണ് മോഷണം നടത്തിയത്. കവർച്ചയുടെ ആസൂത്രണം ദീപയാണെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. എന്നാൽ, ഇക്കാര്യം വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
നെയ്യാറ്റിൻകരയിൽനിന്ന് ബുധനാഴ്ച പിടികൂടിയ ഇയാളെ മോഷണം നടന്ന കൃഷ്ണമ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്താൻ വീട്ടിനുള്ളിലേക്ക് പിൻവാതിലിലൂടെ കയറിയ കാര്യവും മോഷണം നടത്തിയ രീതിയും രാജേഷ് പൊലീസിനോട് വിശദീകരിച്ചു. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ രാമങ്കരി ഇൻസ്പെക്ടർ വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജി.എസ്.ഐമാരായ മുരുകൻ, രാജേഷ്, ജി.എ.എസ്.ഐമാരായ പ്രേംജിത്ത്, ജാസ്മിൻ, സി.പി.ഒ ശ്രീറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

