ഉടമ അറിയാതെ ഭൂമി മറിച്ചുവിറ്റു; 44 സെന്റ് നഷ്ടമായി വയോധിക
text_fieldsചേർത്തല: ഉടമ അറിയാതെ വ്യാജ രേഖയുണ്ടാക്കി ഭൂമി മറിച്ചുവിറ്റെന്ന പരാതിയിൽ അഞ്ച് വർഷമായി വയോധികയുടെ നീതിക്കായുള്ള ഓട്ടം. ചേർത്തല കൊക്കോതമംഗലം വില്ലേജ് പരിധിയിലാണ് കോടികൾ വിലമതിക്കുന്ന 44 സെന്റ് സ്ഥലം ഉടമയറിയാതെ കൈമാറ്റം ചെയ്യപ്പെട്ടത്. വൈക്കം ഉദയനാപുരം പരീത്തറ വീട്ടിൽ ശാന്തകുമാരിയുടെ (70) പേരിലുള്ള ഭൂമിയിലാണ് തട്ടിപ്പ് നടന്നത്.
കുടുംബവിഹിതമായി 1970ൽ ലഭിച്ച ഭൂമിയാണ് ഇത്. 2019-20 വരെ മുടങ്ങാതെ കരം അടച്ചിരുന്ന ഭൂമിയുടെ കരം അടയ്ക്കാൻ പിന്നീട് വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത് -ഭൂമി ഇപ്പോൾ തന്റെ പേരിലല്ല, മറ്റൊരാളുടെ പേരിലേക്ക് മാറിയിരിക്കുന്നു. തുടർന്നാണ് ശാന്തകുമാരി അന്വേഷണം ആരംഭിച്ചത്. വ്യാജ ആധാരവും രേഖകളും ചമച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. 2023 ജനുവരിയിൽ വില്ലേജിൽനിന്ന് നിയോഗിച്ച ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി മഹസർ തയാറാക്കിയിരുന്നു.
എന്നാൽ മൂന്നുവർഷമായി റവന്യൂ ഓഫിസുകൾ, രജിസ്ട്രാർ ഓഫിസ്, മന്ത്രിതലം വരെ പരാതി നൽകിയിട്ടും പരിഹാരമായില്ല. കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമി നഷ്ടമായതോടെ വയോധിക ഓഫിസുകൾ കയറി ഇറങ്ങുകയാണ്. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ആക്ഷേപമുണ്ട്. രേഖകൾ പരിശോധിക്കാതെ ആധാരം രജിസ്റ്റർ ചെയ്തതും, കൈമാറ്റം നടത്തിയതും അന്വേഷിക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ കലക്ടർ കഴിഞ്ഞദിവസം റിപ്പോർട്ട് തേടിയിട്ടുണ്ട്. വ്യാജരേഖ ചമച്ചവർക്കെതിരെയും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

