വയോധിക ട്രെയിൻ ശുചിമുറിയിൽ കുടുങ്ങി; രക്ഷകരായി യാത്രക്കാരും ടിക്കറ്റ് എക്സാമിനറും
text_fieldsചെങ്ങന്നൂർ: ഒറ്റക്ക് യാത്രചെയ്ത വയോധിക തീവണ്ടിയുടെ ശുചിമുറിയിൽ കുടുങ്ങിയപ്പോൾ രക്ഷകരായത് യാത്രക്കാരും ടിക്കറ്റ് എക്സാമിനറും. സംഭവം പുറത്തറിഞ്ഞതോടെ അഭിനന്ദന പ്രവാഹം. എറണാകുളത്തു നിന്നും ചെങ്ങന്നൂരിലേക്ക് തനിച്ച് യാത്ര ചെയുന്നതിനിടയിലാണ് വൃദ്ധ ശുചിമുറിയിൽ കുടുങ്ങിയത്. പൊതു പ്രവർത്തകനായ മാന്നാർ സ്വദേശി സജി കുട്ടപ്പന്റെ ഇടപെടലിന് സമൂഹത്തിന്റെറ നാനാ തലങ്ങളിൽ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹം. എഫ്.ബിയിൽ പോസ്റ്റ് ഇട്ടതോടെയാണ് വിവരം എല്ലാവരും അറിയുന്നത്. ഗുരുവായൂർ മധുരൈ 16327-ാംനമ്പർ ട്രെയിനിൽ വ്യാഴാഴ്ചയാണ് സംഭവം. ഗുരുവായൂരിലെ ദർശനം കഴിഞ്ഞ് പുലർച്ചെ സജി കുട്ടപ്പനും സുഹൃത്തുക്കളായ അനിൽ അമ്പിളി, അനന്തൻ, സജി എന്നിവർക്കൊപ്പം ബി 01 കോച്ചിലെ ബർത്തിൽ ഉറക്കത്തിലായിരുന്നു.
കോട്ടയം കുറുപ്പുന്തറയായപ്പോൾ മുഖം കഴുകാനെത്തിയ സജിയാണ് ശുചിമുറിയിൽ നിന്ന് വൃദ്ധയുടെ നിലവിളി കേട്ടത്. ഡോർ തുറക്കാൻ കഴിയാത്തവിധം നിലത്ത് വീണുകിടക്കുകയാണ് എന്ന് തിരിച്ചറിഞ്ഞ സജി സുഹൃത്തുക്കളേയും കൂട്ടി ടി.ടി.ഇ അഭിലാഷിനെ വിവരമറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന എ.സി മെക്കാനിക്കിന്റെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് വാതിൽ തുറന്ന് അകത്തു കയറിയത്. ചെങ്ങന്നൂരിൽ സ്റ്റേഷൻ മാസ്റ്റർ ജോർജ് വീൽ ചെയറുമായി പ്ലാറ്റ് ഫോമിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയായ വൃദ്ധയുടെ ബന്ധുക്കളെ ടി.ടി.ഇ വിവരമറിയിച്ചു. മൈനാഗപ്പള്ളി സ്വദേശിയായ ടിക്കറ്റ് എക്സാമിനർ അഭിലാഷും വൃദ്ധയുടെ ലഗേജുകളുമെടുത്ത് ചെങ്ങന്നൂർ സ്റ്റേഷനിൽ ഇറങ്ങി. രാവിലെ 10.30ഓടെ ബന്ധുക്കൾക്കൊപ്പം വൃദ്ധയെ യാത്രയാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

