വയോധികയുടെ മരണം പീഡനശ്രമത്തിനിടെ
text_fieldsഅമ്പലപ്പുഴ: ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട പുറക്കാട് പഞ്ചായത്ത് 12ാം വാര്‍ഡില്‍ റംലത്ത് (58) പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിൽ പൊലീസ്. തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടില്ല. മോഷണം ആയിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്നാണ് ഇത് നൽകുന്ന സൂചനയെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാല്‍ റംലത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി.
റംലത്ത് ശ്വാസതടസ്സം സംബന്ധിച്ച ചികിത്സ നടത്തുന്നുണ്ട്. ഇതിനായി ഇന്‍ഹേലർ ഉപയോഗിച്ചിരുന്നു. അപ്രതീക്ഷിതമായ കടന്നാക്രമണത്തില്‍ മരണം സംഭവിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വീട്ടിലെ വൈദ്യുതിബന്ധം തകരാറിലാക്കിയ നിലയിലായിരുന്നത് പ്രതി കരുതികൂട്ടി അകത്ത് പ്രവേശിച്ചതാണെന്ന സൂചനയാണ് നൽകുന്നത്. അടുക്കള വാതിലിന് ഉറപ്പില്ലെന്ന് അറിയാവുന്നവരാകാം അകത്ത് പ്രവേശിച്ചിട്ടുള്ളത്. മരണം ഉറപ്പായതിനുശേഷം മുളകുപൊടി വിതറിയതുമാകാമെന്നും പൊലീസ് സംശയിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. സി.സി.ടി.വി കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിന് മുന്നില്‍ റംലത്ത് നില്‍ക്കുന്നത് കണ്ടവരുണ്ട്. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന് അമ്പലപ്പുഴ സ്റ്റേഷന് സന്ദര്‍ശിച്ച് അന്വേഷണപുരോഗതി വിലയിരുത്തി.
വൈദ്യുതിവകുപ്പ് പരിശോധന നടത്തി; ഞായറാഴ്ച രാത്രി 12നും 12.30നും ഇടയില്‍ 200 വാട്സ് വൈദ്യുതി ഉപയോഗിച്ചതായി കണ്ടെത്തി
ആലപ്പുഴ: തനിച്ച് താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആന്റി പവര്‍ തെഫ്റ്റ് വിഭാഗം പരിശോധന നടത്തി. പുറക്കാട് പഞ്ചായത്ത് 12ാം വാര്‍ഡില്‍ റംലത്ത് (58) ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം ആന്റി പവര്‍ തെഫ്റ്റ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ അജിത് കുമാര്‍, സബ് എൻജിനീയര്‍ ബൈജു, എ.എസ്.ഐ ഹബീബ് റഹ്മാന്, വൈദ്യുതി വകുപ്പ് അമ്പലപ്പുഴ സെക്ഷന്‍ സബ് എൻജിനീയര്‍ വിജയകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മീറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് വൈദ്യുതി വിഛേദിച്ച സമയം കണ്ടെത്തുന്നതിനായിരുന്നു പരിശോധന. മീറ്ററില്‍ നിന്നും വീടിന് ഉള്ളിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ച നിലയിലായിരുന്നു. ഞായറാഴ്ച രാത്രി 12നും 12.30നും ഇടയില്‍ 200 വാട്സ് വൈദ്യുതി ഉപയോഗിച്ചതായി കണ്ടെത്തി. ഫ്രിഡ്ജും ഫാനും പുറത്തേക്കുള്ള രണ്ട് ലൈറ്റുകളുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇതിന് ശേഷം വൈദ്യുതി ഉപയോഗം നടന്നിട്ടില്ല.
2016 മോഡല്‍ മീറ്റര്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എന്‍. രാജേഷിന് കൈമാറും. പകല്‍ ഒന്നരയോടെ ആരംഭിച്ച പരിശോധന വൈകിട്ട് 4.30 ഓടെയാണ് സമാപിച്ചത്. ഫോറന്‍സിക് വിഭാഗവും ചൊവ്വാഴ്ച പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

