വയോധികന്റെ കൊലപാതകം: കൗമാര സംഘത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
text_fieldsആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ 13കാരി ഉൾപ്പെടെയുള്ള നാലംഗ കൗമാരസംഘത്തെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണിത്. ഇതിനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. വിരലടയാളം ഉൾപ്പെടെ ശാസ്ത്രീയ വിവരങ്ങളും വീടിനുള്ളിൽ സംഘം കയറിയ രീതിയുമെല്ലാം ഉറപ്പാക്കണം.
സംഭവത്തിൽ കുറ്റാരോപിതരിൽ ഒരാൾ സുഹൃത്തിനെത്തേടി പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വയോധികനെ കൊലപ്പെടുത്തിയ ശേഷം അപഹരിച്ച 4.5 പവൻ വിൽക്കാൻ സഹായം തേടിയാണ്, ആടിനെ മോഷ്ടിച്ച കേസിലടക്കം പ്രതിയായ സുഹൃത്തിനെ തേടിയെത്തിയത്. കൊലപാതകശേഷം സംഘം സുഹൃത്തുക്കളുടെ വീടുകളിലാണ് താമസിച്ചിരുന്നത്. മാല, മോതിരം, താലി എന്നിവയാണ് അപഹരിച്ചത്.
അതേസമയം, കൊല്ലപ്പെട്ട 67കാരന്റെ മൃതദേഹം സംസ്കരിച്ചു. മക്കൾ പുതുതായി പണിയുന്ന വീടിന്റെ മുറ്റത്തായിരുന്നു സംസ്കാര ചടങ്ങുകൾ. വിദേശത്തുനിന്ന് എത്തിയ മൂത്തമകളാണ് കർമങ്ങൾ നടത്തി ചിതക്ക് തീകൊളുത്തിയത്. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ 20ൽതാഴെ ആളുകൾ മാത്രമാണ് സംസ്കാര ചടങ്ങിനുണ്ടായിരുന്നത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് കാണാൻ അവസരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

