പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിൽ മുട്ട, ഇറച്ചി വ്യാപാരത്തിന് നിരോധനം
text_fieldsആലപ്പുഴ: പക്ഷിപ്പനി ബാധയെ തുടർന്ന് കള്ളിങ് നടക്കുന്ന തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളുടെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റി, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, മുട്ടാര്‍, എടത്വ, തകഴി, തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ, കണ്ടല്ലൂര്‍, പത്തിയൂര്‍, മുതുകുളം, കരുവാറ്റ, കുമാരപുരം, ഹരിപ്പാട് മുനിസിപ്പാലിറ്റി, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, ചെറുതന, ചേപ്പാട്, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് നിരോധിച്ച് കലക്ടർ ഉത്തരവായി.
ഈ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. അതിനായി സ്ക്വാഡ് രൂപവത്കരിച്ച് കര്‍ശന പരിശോധന നടത്തണം. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ കള്ളിങ് പൂര്‍ത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു.
അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട് തഹസില്‍ദാർമാർ പ്രത്യേക പരിശോധന സ്ക്വാഡുകള്‍ രൂപവത്കരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തണം. നിരോധനം ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ ഈ പക്ഷികളുടെ മാംസം, മുട്ട എന്നിവ കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങള്‍ വില്‍പ്പന നടത്തുന്നില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
4240 പക്ഷികളെ കൊന്നുനശിപ്പിച്ചു
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നുമറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു.
വെള്ളിയാഴ്ച വൈകീട്ട് വരെയുള്ള കണക്കുപ്രകാരം ഇതുവരെ 4240 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി. കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുകയാണ്. കുമാരപുരം പഞ്ചായത്തിൽ 131 പക്ഷികളെയാണ് വൈകുട്ട് വരെ കള്ളിങ്ങിന് വിധേയമാക്കിയത്.
തകഴിയിൽ 286 പക്ഷികളെയും കരുവാറ്റയിൽ 715 പക്ഷികളെയും നെടുമുടിയിൽ 2663 പക്ഷികളെയും കൊന്നൊടുക്കി. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്.
പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി തിങ്കളാഴ്ച അണുനശീകരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

