
ഡി.വൈ.എഫ്.ഐ പ്രവർത്തകന് പൊലീസ് മർദനം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsആലപ്പുഴ: രാഷ്ട്രീയപ്രവർത്തകനായ യുവാവിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദിച്ച് നട്ടെല്ലിൽ ഒടിവുണ്ടാക്കിയെന്ന പരാതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർേദശം നൽകി. വയലാർ സ്വദേശി അജയ് ഗണേശനെ മർദിച്ചെന്ന പരാതി അന്വേഷിക്കാനാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.
ഒക്ടോബർ ഏഴിന് മുമ്പ് റിപ്പോർട്ട് നൽകണം. അജയ് ഗണേശനും അമ്മ രാജേശ്വരിയും ചേർന്നാണ് പരാതി സമർപ്പിച്ചത്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ പരാതിക്കാരൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ്. താനും അമ്മയും താമസിക്കുന്ന സ്ഥലത്ത് ആഗസ്റ്റ് 31ന് ഒരുകൂട്ടം ആളുകൾ അതിക്രമിച്ചു കയറിയതായി പരാതിയിൽ പറയുന്നു.
ഇതിനെതിരെ ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി നൽകിയതിെൻറ പിറ്റേന്ന് ഇവരെ ചേർത്തല സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇൻസ്പെക്ടർ മർദിച്ചതായാണ് പരാതി. കോവിഡുകാലത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ പ്രവർത്തനം കാഴ്ചെവക്കുമ്പോൾ ഇതുപോലുള്ള ഉദ്യോഗസ്ഥർ സേനക്കുതന്നെ അവമതിപ്പ് ഉണ്ടാക്കുന്നതായി ഉത്തരവിൽ പറഞ്ഞു. ചേർത്തല പൊലീസ് ഇൻസ്പെക്ടർ, എസ്.ഐ, ജൂനിയർ എസ്.ഐ എന്നിവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം. 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻസ്പെക്ടർ ശ്രീകുമാർ, എസ്.ഐ ലെയ്സാദ് മുഹമ്മദ്, ജൂനിയർ എസ്. ഐ എന്നിവർ ഒക്ടോബർ ഏഴിനുമുമ്പ് വിശദീകരണം സമർപ്പിക്കണം. ഒക്ടോബർ ഏഴിന് തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.