ചെറുതനയിലും താറാവുകൾ ചാകുന്നു; പക്ഷിപ്പനിയെന്ന് സംശയം
text_fieldsഹരിപ്പാട്: പള്ളിപ്പാട് വഴുതാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ ചെറുതനയിലും താറാവുകൾ ചാകുന്നു. പക്ഷിപ്പനി ബാധയെന്നാണ് സംശയം. വഴുതാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കർഷകർ ആശങ്കയിലാണ്. ചെറുതന പുത്തൻപുരയിൽ ചാക്കോ വർക്കിയുടെ താറാവുകളാണ് ചാകുന്നത്. മൂന്നു ദിവസത്തിനിടെ 31 താറാവുകൾ ചത്തു. തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിൽ കഴിഞ്ഞ ദിവസം താറാവുകളെ പരിശോധിച്ചിരുന്നു. 8000 താറാവുകളിൽ രണ്ടായിരത്തോളം എണ്ണത്തിന് രോഗലക്ഷണമുണ്ടെന്ന് ചാക്കോ പറഞ്ഞു. 80 ദിവസം പ്രായമുള്ളതാണ് താറാവുകൾ. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി ചത്ത താറാവിന്റെയും രോഗ ലക്ഷണമുള്ളവയുടെയും സാമ്പിളുകൾ എടുത്തു. ജില്ലയിൽ പല ഭാഗത്തും ബാക്ടീരിയൽ രോഗം മൂലം താറാവുകൾ ചാകുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
വഴുതാനം പ്രദേശത്ത് പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നത് തുടരുകയാണ്. അതിനിടെ, പക്ഷിപ്പനി പകരുന്നത് തടയാൻ മൃഗസംരക്ഷണ വകുപ്പ് ഫലപ്രദ നടപടിയെടുക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അപ്പർകുട്ടനാട് മേഖലയിലെ പള്ളിപ്പാട്ടും കരുവാറ്റയിലും കഴിഞ്ഞവർഷവും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് താറാവുകളെയാണ് നശിപ്പിച്ചത്. ദേശാടനപ്പക്ഷികളിൽ നിന്നാണ് രോഗം പകരുന്നതെന്നാണ് നിഗമനം. എന്നാൽ, ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാൻ സംവിധാനമില്ല. ചത്ത താറാവുകളെ സംസ്കരിക്കാൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കാൻ മൃഗസംരക്ഷണ വകുപ്പ് പഠനം നടത്തിയതല്ലാതെ പദ്ധതി നടപ്പായിട്ടില്ല. പക്ഷിപ്പനി പടരുന്നതു തടയാൻ താറാവുകളെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. പള്ളിപ്പാട്ട് ഹാച്ചറി തുടങ്ങുമെന്നതും പ്രഖ്യാപനത്തിൽ ഒതുങ്ങി.
രണ്ടാം ദിനവും താറാവുകളെ കൂട്ടത്തോടെ കൊന്നു
ഹരിപ്പാട്: പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലും പരിസരങ്ങളിലും രണ്ടാം ദിനവും താറാവുകളെ കൂട്ടത്തോടെ കത്തിച്ചുകൊന്നു. രോഗം സ്ഥിരീകരിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെയാണ് കൊന്നുനശിപ്പിക്കുന്ന നടപടി പൂർത്തിയായത്. ആദ്യ ദിവസം 15,694 താറാവിനെയാണ് കൊന്നൊടുക്കിയത്. വെള്ളിയാഴ്ച പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള 16 വീടുകളിലായുള്ള 173 താറാവിനെയും 70 കോഴിയെയും കൊന്നു. 33 മുട്ടയും നശിപ്പിച്ചു.
വെറ്ററിനറി ഡോക്ടറുടെ നിർദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് താറാവുകളെ കത്തിക്കുന്ന (കള്ളിങ്) നടത്തിയത്. കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി.എസ്. ബിന്ദു നേതൃത്വം നൽകി.
പ്രതിരോധം ശക്തമാക്കും
ഹരിപ്പാട് നഗരസഭ, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ പക്ഷിപ്പനിക്കെതിരെ ജാഗ്രത സമിതി രൂപവത്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. പക്ഷിപ്പനി ബാധിച്ച പ്രദേശത്തുനിന്ന് മൂന്ന് കിലോ മീറ്റർ ചുറ്റളവിലുള്ള ഹരിപ്പാട് നഗരസഭ പ്രദേശങ്ങളായ 8, 9, 10, വാർഡുകളിൽ പനിനിരീക്ഷണം ശക്തമാക്കുന്നതിന് ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന ടീം രൂപവത്കരിച്ചു. പനിയുള്ളവരെ കണ്ടെത്തി ആശുപത്രികളിലേക്ക് അയക്കും. ഗർഭിണികളിൽ പനി നിരീക്ഷണം നടത്തും. നഗരസഭ പ്രദേശത്ത് മുട്ട, ഇറച്ചി, കാഷ്ഠം എന്നിവയുടെ വിൽപന നിരോധിച്ച സാഹചര്യത്തിൽ നഗരസഭ ഹെൽത്ത് ടീം നിരീക്ഷണം ശക്തമാക്കി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. വീടുകൾ സന്ദർശിച്ച് ബോധവത്കരണം നൽകാനും പക്ഷിപ്പനി ജാഗ്രത നോട്ടിസ് വിതരണം ചെയ്യാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

