ട്രെയിൻ മാർഗം കഞ്ചാവ് കടത്ത് വ്യാപകം; രണ്ടുമാസത്തിനിടെ പിടികൂടിയത് 35 കിലോ
text_fieldsആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽനിന്ന് ട്രാവൽ ബാഗിൽ കടത്തിയ 11 കിലോ കഞ്ചാവ്
റെയിൽവേ പൊലീസ് പിടികൂടിയപ്പോൾ
ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിൻ മാർഗം കഞ്ചാവ് കടത്ത് വ്യാപകം. രണ്ടുമാസത്തിനിടെ റെയിൽവേ പൊലീസ് പിടികൂടിയത് 35 കിലോ. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഏറെയും. പ്ലാറ്റ്ഫോമിൽ ബാഗുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. കഴിഞ്ഞദിവസം രാത്രി 11 കിലോ കഞ്ചാവ് ട്രാവൽ ബാഗിൽ ഒളിപ്പിച്ചാണ് സ്റ്റേഷനിലെത്തിച്ചത്.
രണ്ടാം പ്ലാറ്റ്ഫോമിന് തെക്കുവശം ആലപ്പുഴ എന്നെഴുതിയ ബോർഡിന് താഴെയാണ് ഇത് കണ്ടെത്തിയത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഓരോകിലോ വീതമുള്ള 11 പൊതികളിലായി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്.
ധൻബാദ് എക്സ്പ്രസിലാണ് കൂടുതലും കഞ്ചാവ് കടത്തുന്നത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് സ്ഥിരമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയിട്ടും ഇത് കൃത്യമായ ആസൂത്രണത്തോടെ എത്തിക്കുന്നവരെക്കുറിച്ച് കാര്യമായ സൂചന ലഭിച്ചിട്ടില്ല. അതിനാൽ സംഭവത്തിൽ ഉൾപ്പെട്ടവരെ ഇനിയും പിടികൂടാനായിട്ടില്ല. ട്രെയിനിലെ തിരക്ക് മുതലെടുത്ത് കൃത്യമായ ആസൂത്രണത്തോടെയാണ് ഇവരുടെ നീക്കമെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്.
ട്രെയിൻ മാർഗം കഞ്ചാവ് ആലപ്പുഴയിലേക്ക് എത്തിക്കുന്നവർ സ്റ്റേഷനിൽവെച്ച് മറ്റൊരാൾക്ക് കൈമാറുന്നതാണ് രീതി. ഇടപാടുകാർക്ക് നേരിട്ട് കൊടുക്കാറില്ല. കടത്തിക്കൊണ്ടുവരുന്നവർ ആലപ്പുഴ സ്റ്റേഷനിൽ ആളുകൾ കൂട്ടത്തോടെ ട്രെയിനിൽനിന്ന് ഇറങ്ങുമ്പോൾ ഭദ്രമായി പൊതിഞ്ഞ് ബാഗുകളിലാക്കി കൊണ്ടുവരുന്ന കഞ്ചാവ് പ്ലാറ്റ്ഫോമിൽ വെക്കും.
ഇതിന് പിന്നാലെ അടയാളം പറഞ്ഞുകൊടുത്താണ് അവിടെനിന്ന് മാറ്റുന്നത്. സി.സി ടി.വി ഇല്ലാത്ത പ്ലാറ്റ്ഫോം ഭാഗത്താണ് പലപ്പോഴും ബാഗുകൾ വെക്കുന്നത്. ഇത് കൃത്യമായി അവിടെനിന്ന് എടുക്കാൻ എത്തുന്നത് മറ്റാളുകളാണ്.
പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കുന്ന ചില സമയങ്ങളിൽ കഞ്ചാവ് നിറച്ച ബാഗുകൾ എടുക്കാൻ കഴിയാതെവരും. ഈ സാഹചര്യത്തിലാണ് പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച കഞ്ചാവ് കണ്ടെത്തുന്നത്. 10 കിലോയിൽ കൂടുതലുള്ള പാക്കറ്റുകളിലായാണ് കഞ്ചാവ് ട്രാവൽ ബാഗുകളിലാക്കി കടത്തുന്നത്. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ എത്തുമ്പോൾ പൊലീസ് പ്ലാറ്റ്ഫോമിൽ പല ഭാഗങ്ങളിൽനിന്നാണ് പരിശോധന നടത്തുന്നത്.
കഞ്ചാവ് കടത്ത് വർധിച്ച സാഹചര്യത്തിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

