മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന മരുന്ന് കടത്ത്; പ്രതികൾക്ക് 10 വർഷം കഠിനതടവ്
text_fieldsആലപ്പുഴ: മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന ഓൺലൈനിൽ ബുക്ക് ചെയ്ത് കൊറിയർ സർവിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികൾക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (25), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (33) എന്നിവരെ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
2023 സെപ്റ്റംബർ 23നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ റെയ്ബാൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മൈമൂൻ ലൈഫ് ഫാർമ എന്ന മെഡിക്കൽ സ്റ്റോറിലേക്കെന്ന് പറഞ്ഞ് ഹൈദരാബാദിലെ ഉയർവിദ മെഡികെയർ മരുന്ന് നിർമാണകമ്പനിക്ക് ഓൺലൈൻവഴി ഓർഡർ നൽകിയാണ് മാരകലഹരിമരുന്ന് എത്തിച്ചത്. 10 മില്ലിലിറ്റർ വീതമുള്ള 100 കുപ്പികളിലായി ദ്രാവകരൂപത്തിലുള്ള ഒരു ലിറ്റർ ഡയസെപാം ആണ് വരുത്തിയത്. ആലപ്പുഴ മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് നമ്പറുള്ള പടമെടുത്ത് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദ് കമ്പനിയിലേക്ക് ഇ മെയിൽ അയച്ചു. ബന്ധപ്പെടാനായി ഇവരുടെ നമ്പറാണ് കൊടുത്തത്.
എന്നാൽ, കൊറിയറുകാർ ആ നമ്പരിൽ വിളിക്കാതെ നേരേ ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നെത്തിച്ചു. സംശയം തോന്നിയ മെഡിക്കൽ സ്റ്റോറുകാർ വിവരം എക്സൈസിനെ അറിയിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. അമീർഷാനെതിരെ കൊല്ലത്തും പാലക്കാടും എൻ.ടി.പി.സി കേസുണ്ട്. ഡയസെപാം ലഹരിമോചന ചികിത്സക്കും ശസ്ത്രക്രിയക്ക് മുമ്പ് വേദനാസംഹാരിയായും വിഷാദരോഗത്തിനും നാഡീസംബന്ധമായ ചികിത്സക്കുമാണ് ഉപയോഗിക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മാത്രമേ ഇത് നൽകാറുള്ളൂ.
ആലപ്പുഴ അസി. എക്സൈസ് കമീഷണറായിരുന്ന എം. നൗഷാദാണ് വിശദ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർകോട്ടിക് സ്പെഷൽ സി.ഐ എം. മഹേഷാണ് കേസ് അന്വേഷിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.ഐ ശ്രീമോൻ, അഡ്വ. ദീപ്തി കേശവൻ എന്നിവർ ഹാജരായി. വാർത്തസമ്മേളനത്തിൽ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ എസ്. അശോക്കുമാർ, എക്സൈസ് അസിസ്റ്റന്റ് കമീഷണർ എ.പി. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

