കെ.എം.എസ്.സി.എൽ കരാർ നടപടി വൈകിപ്പിച്ചു; സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം
text_fieldsആലപ്പുഴ: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന് പരിഹാരമില്ല. ഒരാഴ്ചക്കകം ക്ഷാമം പരിഹരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം നടപ്പായില്ല. മാത്രമല്ല ജീവൻരക്ഷ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുമായില്ല. അർബുദത്തിന് ഉപയോഗിക്കുന്നതടക്കം 500 ഓളം മരുന്നുകളുടെ ദൗർലഭ്യം രൂക്ഷമായി തുടരുകയാണ്. മഴക്കാലത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെ പിടിപെട്ട് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർധിക്കുമ്പോഴാണ് മരുന്നുക്ഷാമം. രോഗികൾക്ക് സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിയാണ്.
സാമ്പത്തികവർഷം ഇതുവരെ പേവിഷ പ്രതിരോധത്തിനുൾപ്പെടെ 30 ഇനം മരുന്നുകൾ മാത്രമാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ജില്ലക്ക് നൽകിയത്.
കഴിഞ്ഞദിവസം ഏതാനും ചിലത് കൂടി നൽകി. അടുത്തയാഴ്ച 15 വിഭാഗത്തിൽപ്പെട്ടവ കൂടി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുകൂടിയാലും ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ള മരുന്നിന്റെ കാൽഭാഗംപോലുമാകില്ല. നിലവിൽ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പുറത്തേക്ക് മരുന്ന് കുറിച്ചു നൽകുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തെ ബാക്കിയായ മരുന്നും ഈ സാമ്പത്തികവർഷം ലഭിച്ച ഏതാനും ഇനവും മാത്രമാണ് ആശുപത്രികളിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലുൾപ്പെടെയാണ് മരുന്നുക്ഷാമം.
ഏപ്രിൽ തുടക്കത്തിൽ ലഭിക്കേണ്ട മരുന്നുകളാണ് മൂന്ന് മാസമാകുമ്പോഴും കിട്ടാത്തത്. കെ.എം.എസ്.സി.എൽ കരാർ നടപടികൾ വൈകിപ്പിച്ചതാണ് പ്രതിസന്ധിക്കുകാരണം. ആലപ്പുഴ മെഡിക്കൽ കോളജിൽ പേവിഷബാധ പ്രതിരോധ മരുന്ന് എത്തിയതാണ് ഏക ആശ്വാസം. ഈ വിഭാഗത്തിൽ ദിവസേന 40 മുതൽ 60 പേർ വരെ എത്താറുണ്ട് മെഡിക്കൽ കോളജിൽ.
ജില്ല ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പാരസറ്റമോൾ അടക്കം മരുന്നുകൾക്കാണ് ക്ഷാമം. അടുത്തിടെ കിട്ടിയ മരുന്നുകൾ ഇവ മാത്രം: അസിത്രോമൈസിൻ, അസിക്ലോഫെനാക്, ഡൈക്ലോഫെനാക്, പാന്റാപ്രസോൾ, സിട്രിസിൻ, ഡെറിഫിലിൻ (ഗുളികകൾ). അമോക്സിലിൻ 250, അമോക്സിലിൻ 500, ആംപിസിലിൻ (കാപ്സ്യൂളുകൾ). അമോക്സ് ക്ലാവ്, സെഫോപ്രസോൺ സാൽബക്ടം (ഇൻജക്‌ഷനുകൾ) ബെറ്റാമെത്തസോൺ (ഓയിൻമെന്റ്). ജീവിതശൈലീരോഗികൾക്കുള്ള മരുന്നുകളും ഭാഗികമായി കിട്ടി.