ലഹരിയുടെ കുത്തൊഴുക്ക്; കെണിയിൽ കുടുങ്ങി യുവജനങ്ങൾ
text_fieldsrepresentational image
ആലപ്പുഴ: ലഹരിയുടെ കുത്തൊഴുക്കിൽ പുകഞ്ഞ് ജില്ല. ആന്ധ്ര, ഒഡിഷ അടക്കമുള്ള സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നാണ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ വ്യാപകമായി എത്തുന്നത്. പെൺകുട്ടികൾ അടക്കമുള്ളവർ ഇടനിലക്കാരായി രംഗത്തുണ്ട്. യുവാക്കളാണ് ലഹരിക്കെണിയിൽ കൂടുതലായി വീഴുന്നത്. സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ എത്തിക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർഥികൾക്ക് ചെറിയ തുകക്കുള്ള ലഹരിവസ്തുക്കൾ ആദ്യം നൽകി അടിമകളാക്കുന്നതാണ് രീതി. പിടിക്കപ്പെട്ടാൽ കുട്ടികളായതിനാൽ കേസ് ഒതുക്കിതീർക്കാൻ ലഹരിക്കച്ചവടക്കാർക്ക് സൗകര്യമാണ്. ആലപ്പുഴ ബൈപാസിലെ ലഹരിമരുന്ന് വേട്ടയിൽ എം.ഡി.എം.എയുമായി പെൺകുട്ടിയടക്കം മൂന്നുപേർ വലയിലായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്ത് പറമ്പ് ഹൃത്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടിൽ ആൽബിൻ (21), കോതമംഗലം കാട്ടാപ്പുഴ ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ (20) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നുമായി കാറിൽ പെൺകുട്ടിയും ചെറുപ്പക്കാരും വരുന്നുണ്ടെന്ന രഹസ്യവിവരമാണ് ഇവരെ പിടികൂടാൻ സഹായകരമായത്.
കൈകാണിച്ചിട്ടും നിർത്താതെപോയ വാഹനം തടഞ്ഞുനിർത്തി ബലപ്രയോഗത്തിലൂടെയാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ നഗരത്തിലെയും പരിസരങ്ങളിലെയും സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് വിൽപനക്ക് എത്തിച്ചതാണ് ലഹരിവസ്തുക്കളെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.
ഈ വർഷം ഇതുവരെ 160 കിലോയോളം കഞ്ചാവ് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് എക്സൈസ് പിടികൂടിയിട്ടുണ്ട്. പൊലീസിന്റെ പിടിയിലായ കഞ്ചാവ് സംഘങ്ങൾ വേറെ.
ആദ്യമൊക്കെ കഞ്ചാവാണ് കൂടുതലായും പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഹഷീഷ് ഓയിലും എം.ഡി.എം.എയും അടക്കമുള്ള മാരകലഹരിവസ്തുക്കളാണ് പിടികൂടുന്നത്. ഒന്നരമാസത്തിനിടെ എക്സൈസ് നടത്തിയ 1587 പരിശോധനകളിൽ 150 അബ്കാരി കേസുകളും 112 മയക്കുമരുന്ന് കേസുകളും 345 നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപനയും പിടികൂടി. ചാരായം -130 ലിറ്റർ, വിദേശമദ്യം -525, കോട -1412 ലിറ്റർ, കഞ്ചാവ് -ആറുകിലോ, എം.ഡി.എം.എ -23ഗ്രാം, ഹഷീഷ് ഓയിൽ, ലഹരി ഗുളികകൾ എന്നിവയും കടത്താൻ ഉപയോഗിച്ച 11 വാഹനങ്ങളും പിടിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
കോവിഡ് നിയന്ത്രണത്തിൽ ഇളവുവന്നതോടെ ജില്ലയിലേക്കുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖല വീണ്ടും സജീവമായതോടെ സഞ്ചാരികളെയും കച്ചവടക്കാർ ലക്ഷ്യമിടുന്നുണ്ട്.
തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ചരക്കുലോറികളിലും ട്രെയിനിലുമാണ് പ്രധാനകടത്ത്. ദീർഘദൂര സർവിസ് നടത്തുന്ന ചരക്കുലോറി ഡ്രൈവർമാർ കമീഷൻ വാങ്ങി കേരളത്തിലേക്ക് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കടത്തുന്നതായി വിവരമുണ്ട്.
ബൈക്കുകളിലും ആഡംബര കാറുകളിലും കഞ്ചാവ് അടക്കമുള്ളവയുടെ കടത്ത് പതിവായതോടെ എക്സൈസ് സംഘം പരിശോധന കടുപ്പിച്ചിരുന്നു. സിന്തറ്റിക് ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവരിൽ കൂടുതലും യുവാക്കളാണ്.
വിവരം കൈമാറാം 'യോദ്ധാവി'ലൂടെ
പൊലീസിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയ യോദ്ധാവ് ആപ്ലിക്കേഷനിലൂടെയും വിവരങ്ങൾ കൈമാറാം. ഇങ്ങനെ വിവരം കൈമാറി ഈ വർഷം മാത്രം പിടിയിലായത് 71 പേരാണ്. പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വിൽപന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ യോദ്ധാവിന്റെ വാട്സ്ആപ് നമ്പർ ഉപയോഗിക്കാം.
9995966666 നമ്പറിലേക്ക് സന്ദേശം ടെക്സ്റ്റായും ശബ്ദമായും വിഡിയോ രൂപത്തിലും ചിത്രങ്ങളായും അറിയിക്കാം. സന്ദേശം സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുപോലും വിവരം പങ്കുവെക്കുന്നവരുടെ പേരും മറ്റ് വിശദാംശങ്ങളും അറിയാനാവില്ല.
ലഹരിയുടെ പിടിയിലേക്ക് വിദ്യാർഥികൾ വഴുതിവീഴുന്നതിന് തടയിടാൻ ജില്ല പൊലീസിന്റെ നേതൃത്വത്തിലാണ് 'യോദ്ധാവ്' പദ്ധതിയുടെ പ്രവർത്തനം. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ പേരുടെയും പങ്കാളിത്തം ഉറപ്പാക്കി സ്കൂളുകളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് പദ്ധതി പൊലീസ് നടപ്പാക്കുന്നത്.
ജില്ലയിൽ നാർകോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി എം.കെ. ബിനുകുമാറാണ് പദ്ധതിയുടെ നോഡൽ ഓഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

