വിദ്യാർഥികളുടെ മുങ്ങിമരണം: കണ്ണീരണിഞ്ഞ് വെട്ടിയാർ
text_fieldsഅഭിമന്യുവിന് പിതാവ് ഉദയൻ അന്ത്യചുംബനം നൽകുന്നു
മാവേലിക്കര: അയൽവാസികളും ബന്ധുക്കളുമായ രണ്ട് വിദ്യാർഥികൾ അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചത് വെട്ടിയാർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി; പ്രിയപ്പെട്ടവർക്ക് നാട് വിട നൽകി. തഴക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വെട്ടിയാർ തറാൽ വടക്കേതിൽ ഉദയൻ ബിനിലത ദമ്പതികളുടെ മകൻ അഭിമന്യു (മണികണ്ഠൻ-15), വെട്ടിയാർ തറാൽ വടക്കേതിൽ സുനിൽ-ദീപ്തി ദമ്പതികളുടെ മകൻ ആദർശ് (17 ) എന്നിവർക്കാണ് നാട് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി അർപ്പിച്ചത്.
ഞായറാഴ്ച രാവിലെ വിലാപയാത്രയായി വീട്ടിലെത്തിച്ച ആദർശിന്റെ ഭൗതിക ശരീരം ഉച്ചക്ക് രണ്ടിന് സംസ്കരിച്ചു. രാവിലെ 11ന് വെട്ടിയാർ ടി.എം.പി.എച്ച്.എസ്.എസിൽ പൊതുദർശനത്തിന് വെച്ച അഭിമന്യുവിന്റെ ഭൗതിക ശരീരം വൈകിട്ട് മൂന്നിന് വീട്ടിൽ സംസ്കരിച്ചു. പ്രിയപ്പെട്ടവർ തോരാ കണ്ണീരുകൊണ്ട് അഭിമന്യുവിനും ആദർശിനും യാത്രാമൊഴിചൊല്ലി.
നൂറുകണക്കിന് ആളുകളാണ് ഇരുവർക്കും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇരുവരുടെയും ചേതനയറ്റ ശരീരത്തിന് അരികിൽ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും തളർന്നു. ഇടക്കിടെ ഇവരുടെ തേങ്ങലുകൾ പൊട്ടിക്കരച്ചിലായി. ഇവരെ ആശ്വസിപ്പിക്കാനെത്തിയവരും കരച്ചിലടക്കാനാവാതെ വിങ്ങിപ്പൊട്ടി. പ്രിയപ്പെട്ടവരുടെ തേങ്ങലുകൾക്കിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ ചിതയിലേക്കെടുത്തത്. കൊടിക്കുന്നിൽ സുരേഷ് എം.പിയടക്കം രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.
ശനിയാഴ്ചയാണ് അച്ചൻകോവിലാറ്റിൽ അഭിമന്യു, ആദർശ് എന്നിവർ വെട്ടിയാർ ക്ഷേത്രത്തിന് വടക്ക് കൊമ്മ ഭാഗത്ത് വെച്ച് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ നീന്തി രക്ഷപെട്ടിരുന്നു. വീട്ടിൽ നിന്നും സൈക്കിൾ ചവിട്ടാൻ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ മൂന്നുപേരും കൊമ്മഭാഗത്ത് എത്തിയപ്പോൾ സൈക്കിൾ കരക്ക് വെച്ച് നീന്തി കുളിക്കാൻ ഇറങ്ങുമ്പോഴായിരുന്നു അപകടം. പത്താം ക്ലാസ് വിജയിച്ചതിന്റെ ആഹ്ലാദത്തിന് പിന്നാലെയാണ് അഭിമന്യു യാത്രയായത്.
വെട്ടിയാർ ടി. എം. വർഗീസ് സ്കൂൾ വിദ്യാർഥിയായ അഭിമന്യുവിന് പത്താം ക്ലാസ് പരീക്ഷയിൽ ആറ് വിഷയങ്ങൾക്ക് എ പ്ലസും മൂന്നു വിഷയങ്ങൾക്ക് എ യും ഒരു വിഷയത്തിന് ബി പ്ലസും ലഭിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് അഭിമന്യുവും കുടുംബവും പുതിയ വീട്ടിൽ ഗൃഹപ്രവേശം നടത്തിയത്. മരം വെട്ട് തൊഴിലാളിയായ പിതാവ് ഉദയൻ തളർന്ന് വിലപിക്കുകയാണ്.
അഭിമന്യുവിന്റെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന ആദർശ്, തലമുടി വെട്ടി മാതാവ് ദീപ്തിക്കൊപ്പം സ്റ്റുഡിയോയിൽ പോയി പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്ത ശേഷമാണ് സൈക്കിളിൽ കൂട്ടുകാർക്കൊപ്പം പോയത്. നിമിഷങ്ങൾക്കുള്ളിൽ ആദർശ് മുങ്ങി മരിച്ചെന്ന വാർത്ത കേട്ട് ബന്ധുക്കളുടെ ഹൃദയം തകർന്നു. പിതാവ് സുനിൽ വെട്ടിയാർ ക്ഷേത്ര ജങ്ഷനിൽ പവർ ടൂൾ കട നടത്തുകയാണ്. അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഒപ്പം കളിച്ചു വളർന്ന രണ്ടു കൂട്ടുകാരും ഒരുമിച്ച് മരണത്തിലേക്ക് പോയതിന്റെ ആഘാതത്തിൽ കരഞ്ഞു തളർന്നിരിക്കുകയാണ് ഉണ്ണികൃഷ്ണൻ.
കുളിക്കാൻ ഇറങ്ങിയ ഭാഗത്ത് വെള്ളം കുറവായിരുന്നെന്നും എന്നാൽ പെട്ടന്ന് ആറ്റിലെ ഒഴുക്കിൽ പെടുകയായിരുന്നെന്നും ഉണ്ണികൃഷ്ണൻ കണ്ണീരോടെ പറയുന്നു. താഴ്ന്നു പോകുന്നതിനിടയിൽ പെട്ടെന്ന് കരയിലേക്ക് നീന്തി കയറിയതിനാൽ രക്ഷപ്പെടുയായിരുന്നു. ആദർശിനെയും അഭിമന്യുവിനെയും കാണാതായപ്പോൾ അലറിവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചു. കുളിക്കാൻ ഇറങ്ങുമ്പോൾ സമീപം ആരും ഉണ്ടായിരുന്നില്ല. സൈക്കിൾ കരക്ക് വെച്ച് മൂന്നുപേരും ഒരുമിച്ചാണ് ആറ്റിൽ ഇറങ്ങിയതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

