ആലപ്പുഴയിൽ ഡ്രോൺ സർവേക്ക് ഇന്ന് തുടക്കം
text_fieldsആലപ്പുഴ: നഗരസഭയുടെ ആസ്തിവിവരങ്ങൾ ശേഖരിക്കുന്ന ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) വഴിയുള്ള ഡിജിറ്റൽ സർവേയുടെ ഭാഗമായ ഡ്രോൺ സർവേക്ക് വ്യാഴാഴ്ച തുടക്കം. നഗരസഭ അങ്കണത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരത്തിലെ റോഡുകൾ, വീടുകൾ, സ്ഥാപനങ്ങൾ, മറ്റ് കെട്ടിടങ്ങൾ, കനാലുകൾ അടക്കമുള്ള മുഴുവൻ വസ്തുവകകളുടെ യഥാർഥവിവരങ്ങൾ ആകാശസർവേയിലൂടെ ശേഖരിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ പറഞ്ഞു. നഗരസഭയുടെ ആസ്തികളുടെ മൂല്യം വിലയിരുത്തിയാണ് സർക്കാർ മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടത്തിയ സർവേ മാപ്പിങ് പ്രകാരമുള്ള മൂല്യം കണക്കാക്കിയാണ് നഗരസഭക്ക് ഇപ്പോഴും ഗ്രാന്റ് കിട്ടുന്നത്.
പുതുതായി നിർമിച്ച നിരവധി റോഡുകളും കെട്ടിടങ്ങളും പാലങ്ങളുമെല്ലാം നഗരത്തിലുണ്ട്. പുതിയതും പഴയതുമായ നിർമിതികൾ ആകാശസർവേയിലൂടെ കണ്ടെത്തി പുതിയ മാപ്പ് തയാറാക്കും. ഇതിലൂടെ നഗരസഭയുടെ ആസ്തിമൂല്യത്തിൽ വലിയവർധനയുണ്ടാകും.ഇതിലൂടെ സർക്കാർ ഗ്രാന്റും ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. ഫീൽഡിലെ പ്രവർത്തനം മൂന്നുമാസം മുമ്പ് തുടങ്ങിയിരുന്നു. ഡ്രോൺ സർവേയിലൂടെ വിവരങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം ഫീൽഡ് തലത്തിൽനിന്നുള്ള വിവരങ്ങളും ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

