കുടിവെള്ള വിതരണം നിലച്ചു; ബദൽ സംവിധാനങ്ങളുമായി ‘നെട്ടോട്ടം’
text_fieldsആലപ്പുഴ: അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷന് സമീപം ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിക്കുന്ന പൈപ്പ് ലൈനുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ആദ്യദിനം പലയിടത്തും കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബദൽ സംവിധാനമൊരുക്കി ‘ശുദ്ധജലം’ എത്തിച്ചെങ്കിലും പലയിടത്തും കാര്യമായ രീതിയിൽ ബാധിച്ചു.
ആലപ്പുഴ നഗരസഭ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം സൗത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, തകഴി പഞ്ചായത്തുകളെയാണ് സാരമായി ബാധിച്ചത്. കുടിവെള്ള വിതരണം കാര്യക്ഷമമാകാൻ മൂന്നുദിവസംകൂടി കാത്തിരിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
അമ്പലപ്പുഴ കച്ചേരി മുക്കിലെ പൈപ്പ് ലൈൻ കരുമാടി കുടിവെള്ള പ്ലാന്‍റുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
തിങ്കളാഴ്ച രാവിലെ ആറിന് പൈപ്പ് ലൈൻ ബന്ധിപ്പിക്കൽ ജോലികൾ ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ ബുധനാഴ്ച ഉച്ചയോടെ പൈപ്പ് ലൈൻ യോജിപ്പിക്കൽ പണി പൂർത്തിയാക്കുമെന്നാണ് വിലയിരുത്തൽ.
ഇതിന് പിന്നാലെ പമ്പിങ് അടക്കമുള്ളവ ആരംഭിച്ച് കുടിവെള്ളവിതരണം പൂർണതോതിൽ എത്താൻ വ്യാഴാഴ്ച വരെ കാത്തിരിക്കണം.
കരുമാടി പ്ലാന്‍റിൽനിന്നുള്ള ശുദ്ധജലം നഗരത്തിലെയും ഒമ്പത് പഞ്ചായത്തുകളിലെയും സംഭരണ കേന്ദ്രങ്ങളിലെത്തി സാധാരണനിലയിലെത്താൻ 10 മുതൽ 12 മണിക്കൂർ സമയമെടുക്കും.
ആലപ്പുഴ നഗരസഭയിലും സമീപ പഞ്ചായത്തിലും ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിൽ കുടിവെള്ള വിതരണം തുടങ്ങിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ നെഹ്റു ട്രോഫി, പുന്നമട, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ വാഹനങ്ങളിലെ വിതരണവും കാര്യക്ഷമമായില്ലെന്ന് പരാതിയുണ്ട്. നഗരത്തെ അഞ്ച് മേഖലകളിലായി തിരിച്ച് അതത് മേഖലകളിലെ കൗൺസിലർമാരും ഹെൽത്ത് ഓഫിസർമാരും അറിയിക്കുന്നതിന് അനുസരിച്ചാണ് വെള്ളമെത്തിച്ചത്.
ആദ്യദിവസം വലിയ പരാതികളില്ലാതെ വിതരണം പൂർത്തിയായെന്ന് നഗരസഭാധികൃതർ പറഞ്ഞു. വഴിച്ചേരി, പഴവങ്ങാടി ക്വാർട്ടേഴ്സ്, ചന്ദനക്കാവ് ക്വാർട്ടേഴ്സ്, കാപ്പിൽമുക്ക്, അമ്പലപ്പുഴ സൗത്ത്, കരുമാടി ട്രീറ്റ്മെന്റ് പ്ലാന്‍റ് എന്നിവിടങ്ങളിൽനിന്നാണ് ടാങ്കറുകളിൽ ജലവിതരണം നടത്തിയത്.
36 മണിക്കൂർ അറ്റകുറ്റപ്പണിയുടെ പേരിൽ ജലത്തിന്റെ ദുരുപയോഗം തടയാൻ കർശനമായ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പാത്രങ്ങളിൽ ഉപയോഗത്തിനാവശ്യമായ ജലം വിതരണം ചെയ്യുന്നതല്ലാതെ സ്ഥാപനങ്ങളിലും വീടുകളിലും ടാങ്കുകളിൽ ജലം നിറക്കാൻ പാടില്ലെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

