കുടിവെള്ള ക്ഷാമം; വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു
text_fieldsകുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ വഴിച്ചേരി വാട്ടർ അതോറിറ്റി
ഓഫിസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി
എം.ജെ. ജോബ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആലപ്പുഴ വഴിച്ചേരി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി. ഉണ്ണികൃഷ്ണൻ, മുംതാസ് സെമീർ, ഇന്ദുലേഖ, അംഗങ്ങളായ ജി. രതീഷ്, മധു കാട്ടിച്ചിറ, സി. ജയ, രശ്മി ഷാജി, ജെസി സോണി, നെസിറ അൻസിൽ, വിഷ്ണുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉഷ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പ് സമരം. ഉപരോധസമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പ്രതിഷേധം ഒന്നരമണിക്കൂർ നീണ്ടു. തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കുടിവെള്ളവിതരണം സുഗമാക്കാൻ കാലപഴക്കംചെന്ന മോട്ടോർ മാറ്റി പമ്പിങ് കാര്യക്ഷമമാക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ഉറപ്പ് ലംഘിച്ചാൽ സമരപരിപാടികൾ നടത്തുമെന്ന് ജനപ്രതിധികൾ പറഞ്ഞു.
രണ്ടുമാസമായി പഞ്ചായത്തിന്റെ വിവിധമേഖലയിൽ കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്. ഇതുസംബന്ധിച്ച് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഫോണിലും നേരിട്ടും പലതവണ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഈ സാചര്യത്തിലാണ് വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിലേക്ക് ജനപ്രതിനിധികൾ സമരവുമായെത്തിയത്. യന്ത്രം ഉപയോഗിച്ചുള്ള ദേശീയപാത നിർമാണത്തിൽ കുടിവെള്ളപൈപ്പുകൾ വ്യാപകമായി പൊട്ടുന്നതാണ് പ്രധാനം പ്രശ്നം. പൊട്ടുന്ന പൈപ്പുകൾ മാറ്റാനും വിതരണത്തിലെ തകരാറുകൾ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇതിനൊപ്പം കാലപ്പഴക്കം ചെന്ന മോട്ടോർ ഉപയോഗിച്ചുള്ള പമ്പിങ് മൂലം ജലവിതരണത്തിന് തടസ്സമുണ്ടാക്കുന്നു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളിലാണ് കുടിവെള്ളപ്രശ്നം അതിരൂക്ഷം. പഞ്ചായത്തിന്റെ കാർഷികമേഖലയിലും സ്ഥിതി സമാനമാണ്. വേനൽക്കാലത്ത് പല പഞ്ചായത്തികളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ട്. കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി വെള്ളംപാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

