Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിപ്പാടിനൊരു ജിപ്മർ,...

ഹരിപ്പാടിനൊരു ജിപ്മർ, വഴിയൊരുക്കി ഡോ. ഷബീർ മുഹമ്മദ്

text_fields
bookmark_border
ഹരിപ്പാടിനൊരു ജിപ്മർ, വഴിയൊരുക്കി ഡോ. ഷബീർ മുഹമ്മദ്
cancel
camera_alt

മുതുകുളത്ത് നടന്ന ഗാന്ധിഭവൻ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഡോ. ഷബീർ മുഹമ്മദ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് റിപ്പോർട്ട് കൈമാറുന്നു

ഹരിപ്പാട്: മണ്ഡലത്തിൽ പ്രഖ്യാപിച്ച പുതിയ മെഡിക്കൽ കോളജ് പദ്ധതിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് സർക്കാർ. വെറുമൊരു എം.ബി.ബി.എസ്. കോളജ് എന്ന പരമ്പരാഗത ചിന്തയിൽ നിന്നും മാറി, ദേശീയ നിലവാരത്തിലുള്ള ‘'പോസ്റ്റ് ഗ്രാജുവേറ്റ് സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്’ ആയി ഹരിപ്പാട് പദ്ധതിയെ പുനർവിഭാവനം ചെയ്യാനുള്ള തീരുമാനത്തിലാണ് സർക്കാർ.

ആഭ്യന്തര മന്ത്രിയും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തലയുടെ ഈ സ്വപ്ന പദ്ധതിയുടെ ദിശമാറ്റിയതിൽ നിർണായകമായത് ആറാട്ടുപുഴ സ്വദേശിയും ജനകീയ ഡോക്ടറുമായ ഡോ. ഷബീർ മുഹമ്മദ് സമർപ്പിച്ച ശാസ്ത്രീയ പഠന റിപ്പോർട്ടാണ്. മുതുകുളത്ത് നടന്ന ഗാന്ധിഭവൻ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. നാടിന്റെ ആരോഗ്യമേഖലയുടെ ഭാവി മുൻനിർത്തിയുള്ള ഈ നിർദേശങ്ങൾ ഗൗരവമായി പരിഗണിച്ചാണ് പദ്ധതി മാറ്റിപ്പണിയാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

മാവേലിക്കര ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റായ ഡോ. ഷബീർ മുഹമ്മദ് വെറുമൊരു മെഡിക്കൽ വിദഗ്ദ്ധൻ മാത്രമല്ല, സാധാരണക്കാരായ രോഗികളുടെ പൾസ് അറിഞ്ഞ ജനകീയ ഡോക്ടർ കൂടിയാണ്. കായംകുളം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും നെഫ്രോളജിസ്റ്റായും ഫിസിഷ്യനായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് ഈ മേഖലയിലെ ആരോഗ്യപരമായ അപര്യാപ്തതകളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്.

ആറാട്ടുപുഴ സ്വദേശി കൂടിയായ ഡോക്ടർ, തീരദേശ-ഗ്രാമീണ മേഖലകളിലെ സാധാരണക്കാർ മികച്ച ചികിത്സക്കായി അനുഭവിക്കുന്ന ദുരിതങ്ങൾ നേരിൽകണ്ട അനുഭവത്തിൽ നിന്നാണ് ഈ സമഗ്ര പഠന റിപ്പോർട്ട് തയാറാക്കിയത്. അതുകൊണ്ടുതന്നെയാണ് ഈ നിർദേശങ്ങൾക്ക് ഭരണനേതൃത്വം വലിയ പ്രാധാന്യം നൽകിയതും.

ഒരു സാധാരണ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനേക്കാൾ പ്രായോഗികവും ജനങ്ങൾക്ക് ഉപകാരപ്രദവുമാകുന്നതുമാണ് പി.ജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന് ഡോ. ഷബീർ മുഹമ്മദ് തന്റെ റിപ്പോർട്ടിൽ കൃത്യമായ കാരണങ്ങളോടെ വ്യക്തമാക്കുന്നു. നിലവിൽ ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളായ ഹരിപ്പാട്, കായംകുളം എന്നിവടങ്ങളിലെയും പത്തനംതിട്ട, കൊല്ലം ജില്ലകളിലെയും ജനങ്ങൾക്ക് ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരമായ വാഹനാപകടങ്ങൾ എന്നിവ ഉണ്ടായാൽ കിലോമീറ്ററുകൾ അകലെയുള്ള വണ്ടാനം, കോട്ടയം അല്ലെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ടി വരുന്നു. ഈ ദീർഘയാത്രയിൽ ജീവൻ രക്ഷിക്കാനുള്ള ‘ഗോൾഡൻ അവർ’ നഷ്ടമാകുന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

ഒരു സാധാരണ മെഡിക്കൽ കോളജ് തുടങ്ങി പൂർണ സജ്ജമായ സൂപ്പർ സ്പെഷാലിറ്റി തലത്തിലേക്ക് വളരാൻ കുറഞ്ഞത് 15 വർഷമെങ്കിലും എടുക്കും. എന്നാൽ പുതുച്ചേരിയിലെ ജിപ്മർ, ചണ്ഡിഗഡിലെ പി.ജി.ഐ മാതൃകയിൽ ഒരു പി.ജി ഇൻസ്റ്റിറ്റ്യൂട്ടായി ആരംഭിച്ചാൽ ആദ്യഘട്ടത്തിൽ തന്നെ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും.നെഫ്രോളജി, കാർഡിയോളജി, ന്യൂറോളജി തുടങ്ങിയ മേഖലകളിൽ സൂപ്പർ സ്പെഷലിസ്റ്റുകളുടെ ക്ഷാമം പരിഹരിക്കാൻ പി.ജി ഇൻസ്റ്റിറ്റ്യൂട്ടിലൂടെ കഴിയും. കൂടാതെ, ഈ മേഖലയിൽ വർധിച്ച് വരുന്ന വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പ്രാദേശികമായി ഗവേഷണം നടത്താനും ഈ കേന്ദ്രം വഴിയൊരുക്കും. തിരുവനന്തപുരം ശ്രീചിത്ര, അല്ലെങ്കിൽ ആർ.സി.സി മാതൃകയിൽ സ്വയംഭരണ പദവിയുള്ള സ്ഥാപനമായി വിഭാവനം ചെയ്യാനാണ് റിപ്പോർട്ടിലെ ശിപാർശ. കേന്ദ്ര സർക്കാരിന്റെ ഫണ്ടുകൾ നേടിയെടുക്കാനും ഇത് സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaharipad medical collegeAlappuzha NewsProject fund
News Summary - Dr. Shabir Muhammed paved the way for a JIPMER for Haripad
Next Story