വാണിജ്യസിലിണ്ടറുകൾക്ക് വില കൂടി ഹോട്ടൽ മേഖലക്ക് ഇരട്ട പ്രഹരം
text_fieldsആലപ്പുഴ: പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം തുടരുന്നതിനിടെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വർധനയിൽ ഹോട്ടൽ മേഖലക്ക് ഇരട്ട പ്രഹരം. ഒറ്റയടിക്ക് 1000 രൂപ വർധിച്ചതാണ് മേഖലക്ക് തിരിച്ചടിയായത്. 2130 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടി 3123 രൂപയാക്കിയാണ് വർധിപ്പിച്ചത്. അഞ്ചുമാസം മുമ്പ് 1500 രൂപയുണ്ടായിരുന്ന സിലിണ്ടറിനാണ് ഇപ്പോൾ ഇരട്ടിയിലധികം വിലകൂടിയത്. സിലിണ്ടർ ലഭ്യത കുറവിനെ തുടർന്ന് നിരവധി ഹോട്ടലുകൾ ഇതിനകം പ്രവർത്തനം ചുരുക്കുകയും താൽക്കാലികമായി അടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിലക്കയറ്റം. ഇത് ഏറെ ബാധിക്കുക ചെറുകിട ഹോട്ടൽ ഉടമകളെയാണ്.
ഒരു സിലിണ്ടറിന് മൂവായിരത്തിലധികം രൂപ നൽകേണ്ട സ്ഥിതിയാണ്. ഇത് നൽകിയാലും സിലിണ്ടർ കിട്ടാത്ത സ്ഥിതിയാണ്. സിലിണ്ടർ വിതരണം മുമ്പത്തെപ്പോലെ സുഗമമാക്കാനും വില നിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ ഇല്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ഹോട്ടൽ ഉടമകൾ ആരോപിക്കുന്നു. ജില്ലയിൽ ചെറുതും വലതുമായ അഞ്ഞൂറോളം ഹോട്ടലുകളാണ് പാചകവാതക പ്രതിസന്ധിമൂലം പൂട്ടിയത്.
ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്ററൻറ് അസോസിയേഷൻ പ്രതിഷേധിക്കും. വിലക്കയറ്റം ഇനിയും നിരവധി ഹോട്ടലുകളെ ബാധിക്കുമെന്നാണ് സൂചന. ഏറ്റവും കൂടുതൽ ബാധിക്കുന്നത് 30 രൂപക്ക് ഊണ് നൽകുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലാണ്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകൾ പല പ്രതിസന്ധി ഘട്ടങ്ങളിലും പിടിച്ചുനിന്നെങ്കിലും ഇനി ഈ നിലയിൽ തുടരാനാകില്ലെന്ന സ്ഥിതിയിലാണ്. പ്രതിദിനം 350ലധികം ഊണ് നൽകുന്ന ജനകീയ ഹോട്ടലുകളുണ്ട്. അഞ്ച് മുതൽ 12 പേർ വരെയാണ് ഇതിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ച് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

