വൈറലായി ഡോക്ടറുടെ കുറിപ്പ്: അവയവ ദാനത്തിന്റെ മറവിലെ നന്മമര തട്ടിപ്പുകൾ
text_fieldsഡോ. ഷബീർ മുഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പ്
കായംകുളം: വൃക്ക മാറ്റിവെക്കൽ മറവിൽ നടക്കുന്ന നന്മമരം തട്ടിപ്പുകളെ കുറിച്ചുള്ള ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോ. ഷബീർ മുഹമ്മദാണ് ചൂഷണം ഒഴിവാക്കാനുള്ള വഴികൾ പങ്കുവെച്ചിരിക്കുന്നത്. 25 ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് പിന്നിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള അവബോധമാണ് നെഫ്രോളജിസ്റ്റ് കൂടിയായ ഷബീർ മുഹമ്മദ് നൽകിയിരിക്കുന്നത്.
നാട്ടുകാർ സഹായിച്ചാൽ മാത്രമേ സാധു കുടുംബത്തിന് തുക കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന ബോർഡുകൾ നാട്ടിൽ നിറയുകയാണ്. എന്നാൽ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കോട്ടയം മെഡിക്കൽ കോളജ് അടക്കമുള്ള എല്ലാ മെഡിക്കൽ കോളജുകളിലും ഏകദേശം രണ്ടുലക്ഷം രൂപയോളമാണ് ചെലവ്. ശസ്ത്രക്രിയക്ക് മുമ്പ് ദാതാവിനും സ്വീകരിക്കുന്നയാൾക്കുമുള്ള പരിശോധനകൾക്ക് ഒരു ലക്ഷം രൂപയോളം ചെലവാകും. ഒരു വർഷത്തെ മരുന്നുകൾക്കായി രണ്ട് ലക്ഷവും ചെലവ് പ്രതീക്ഷിക്കാം. ഇതെല്ലാം കൂടി കണക്കിലെടുത്താൽ ആറ് ലക്ഷം രൂപയേ വരൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ സഹായധനം ലഭ്യമായാൽ ചെലവ് നാല് ലക്ഷത്തിൽ നിർത്താനാകും.
കോട്ടയം മെഡിക്കൽ കോളജിൽ എല്ലാ ആഴ്ചയും വൃക്ക മാറ്റിവെക്കൽ നടക്കുന്നുണ്ട്. എന്നാൽ, സന്നദ്ധ സംഘങ്ങൾക്കും രോഗികൾക്കും നാലിരട്ടിയിലധികം ചെലവ് വരുന്ന സ്വകാര്യ ആശുപത്രികളോടാണ് താൽപര്യം. പിരിവുകളിലൂടെ നടക്കുന്ന ചൂഷണങ്ങളും തട്ടിപ്പും ഒഴിവാക്കാൻ സർക്കാർ മേഖലയിലെ ചികിത്സക്ക് കഴിയുമെന്നുമാണ് ഡോ. ഷബീർ മുഹമ്മദ് ചൂണ്ടിക്കാട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.