Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാരുംമൂട് സർക്കാർ...

ചാരുംമൂട് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉച്ചവരെ മാത്രം

text_fields
bookmark_border
ചാരുംമൂട് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉച്ചവരെ മാത്രം
cancel
Listen to this Article

ചാരുംമൂട്: വ്യാപകമായി വൈറൽ പനിയും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരവെ ചാരുംമൂട് മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പലയിടത്തും ഉച്ചകഴിഞ്ഞ് ഡോക്ടർമാരുടെ സേവനം കിട്ടുന്നില്ലെന്ന് പരാതി. ഉച്ചക്ക് ശേഷം സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ അഭയംതേടേണ്ട സ്ഥിതിയാണ്.

പ്രതിദിനം 500ൽ കൂടുതൽ പേർ ഒ.പിയിൽ എത്തുന്ന നൂറനാട് ലെപ്രസി സാനറ്റേറിയത്തിൽ ഏഴ് ഡോക്ടർമാർ ഉണ്ടെങ്കിലും ഉച്ചക്ക് ഒന്നിന് ശേഷം ഇവിടെ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയോടെ ഡോക്ടർമാർ വീടുകളിലേക്ക് മടങ്ങും. വൈകീട്ട് ഒരു നഴ്സിന്റെ സേവനം മാത്രം. ഇവർക്ക് സഹായിയായി മൂന്ന് കന്യാസ്ത്രീകളുടെ സേവനവുമുണ്ടാകും. ഉച്ചക്ക് ശേഷം സാനറ്റേറിയത്തിലുള്ള അന്തേവാസികൾക്കും ഡോക്ടർമാരുടെ സേവനം കിട്ടാറില്ല.

താമരക്കുളം ചത്തിയറയിൽ പ്രവർത്തിക്കുന്ന താമരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇതേ അവസ്ഥയാണ്. ദിനംപ്രതി 300ൽ കൂടുതൽ രോഗികൾ എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും ഒരു ഡോക്ടറുടെ സേവനം മാത്രം. തിരക്കേറിയ സമയത്ത് അടിയന്തര വൈദ്യസഹായം പോലും കിട്ടില്ലെന്നതാണ് സ്ഥിതി. കോവിഡ് കാലത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത് ഇവിടെയാണ്. ജില്ലയിലെ വലിയ കോളനിയായ പുന്നക്കുറ്റി കോളനി ഈ ആശുപത്രിക്ക് സമീപത്താണ്.

ചുനക്കര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഉച്ചകഴിഞ്ഞാൽ ജീവനക്കാർ പരിമിതം. അഞ്ച് ഡോക്ടർമാർ ഉണ്ടെങ്കിലും ഉച്ചക്ക് ശേഷം ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിരിക്കുന്ന ഒരു ഡോക്ടറുടെ സേവനം മാത്രം. അതും ആറു വരെ. ആധുനിക രീതിയിലുള്ള ലാബ് സംവിധാനമുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രയോജനപ്പെടുന്നില്ല. ദിവസവും മുന്നൂറിലേറെ ആളുകളെത്തുന്ന നൂറനാട് ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതിയും ദയനീയം. കിടത്തിച്ചികിത്സക്ക് അടിസ്ഥാന സൗകര്യങ്ങൾ ഈ ആരോഗ്യകേന്ദ്രത്തിലുണ്ട്. എന്നാൽ, ഉച്ചക്ക് ഒരുമണിയായാൽ ഡോക്ടർമാർ മടങ്ങും.

പാലമേൽ ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ സേവനം വൈകീട്ട് ആറ് വരെ ലഭിക്കുന്നുണ്ടെങ്കിലും ജീവനക്കാരില്ലാത്തതിനാൽ രക്ത പരിശോധന ഉൾപ്പെടെ നടക്കുന്നില്ല. നൂറനാട് പഞ്ചായത്തിൽ ഇരുപതോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ചുനക്കര പഞ്ചായത്തിൽ മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ആലപ്പുഴ ജനറൽ ആശുപത്രി ഒ.പിയിൽ അധിക ഡോക്ടർമാർ

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒ.പി ദിവസങ്ങൾ അധിക ഡോക്ടർമാരെ നിയോഗിച്ച് ക്രമീകരിച്ചു.അത്യാഹിത വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാനാണ് പുതിയ ക്രമീകരണം. പനി, ജനറൽ മെഡിസിൻ ഒ.പികൾ ഞായർ അടക്കം ദിവസങ്ങളിൽ വൈകീട്ട് ഏഴ് വരെയുണ്ടാകും. അനാവശ്യമായി അത്യാഹിത വിഭാഗത്തിൽ ചികിത്സതേടി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് ക്രമീകരണത്തിലെ മാറ്റമെന്ന് അധികൃതർ അറിയിച്ചു.

ജനറൽ മെഡിസിൻ- തിങ്കൾ മുതൽ ശനി വരെ, പനി/ ജനറൽ ഒ.പി - തിങ്കൾ മുതൽ ശനി (ഉച്ചക്ക് ഒന്നു മുതൽ ഏഴു വരെ), ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെ. ജനറൽ സർജറി -തിങ്കൾ, ബുധൻ, വെള്ളി, ശനി (ചൊവ്വ, വ്യാഴം ഓപറേഷൻ ദിവസങ്ങൾ). അസ്ഥിവിഭാഗം- തിങ്കൾ മുതൽ ശനി വരെ (തിങ്കൾ, ബുധൻ ഓപറേഷൻ ദിവസങ്ങൾ).

ശ്വാസകോശരോഗ വിഭാഗം- തിങ്കൾ മുതൽ ശനി വരെ. ത്വഗ്രോഗ വിഭാഗം- തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി (ബുധൻ ഓപറേഷൻ ദിവസം). ഹൃദ്രോഗ വിഭാഗം- വ്യാഴാഴ്ച. കാൻസർ- തിങ്കൾ മുതൽ ശനി വരെ. കുട്ടികളുടെ വിഭാഗം- തിങ്കൾ മുതൽ ശനി വരെ. ദന്തരോഗം - തിങ്കൾ മുതൽ ശനി വരെ (ശനിയാഴ്ച ഉച്ചക്ക് 12 മുതൽ). ഇ.എൻ.ടി - തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി (ചൊവ്വ ഓപറേഷൻ ദിവസം). നേത്ര വിഭാഗം- തിങ്കൾ മുതൽ ശനി വരെ. ഫിസിയോതെറപ്പി - തിങ്കൾ മുതൽ ശനി വരെ. ഗ്യാസ്‌ട്രോളജി - ബുധൻ. കോവിഡാനന്തര ചികിത്സ- തിങ്കൾ, വ്യാഴം (രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ).

പുകവലി, മുറുക്ക് എന്നിവ നിർത്താനുള്ള ചികിത്സ - ബുധൻ (രാവിലെ 10 മുതൽ ഒന്നു മണി വരെ). സൈക്കാട്രി -തിങ്കൾ മുതൽ ശനി വരെ. ജീവിതശൈലീ രോഗങ്ങൾ- തിങ്കൾ മുതൽ ശനി വരെ. കുട്ടികളുടെ വൈകല്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ചികിത്സ- തിങ്കൾ മുതൽ ശനി വരെ. പ്രതിരോധ കുത്തിവെപ്പ്- ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഒരുമണി വരെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Charummood government hospital
News Summary - Doctors in Charummood government hospitals only till noon
Next Story