ജില്ലതല ഓണം വിപണനമേള; കുടുംബശ്രീക്ക് കോടിത്തിളക്കം
text_fieldsആലപ്പുഴ: കുടുംബശ്രീ ജില്ല മിഷൻ ഓണവിപണിയിൽ മികച്ച നേട്ടമുണ്ടാക്കി. ഇത്തവണ വിവിധ മേളകളിലൂടെ 4.5കോടിയുടെ വിറ്റുവരിലൂടെയാണ് ഇത് സാധ്യമാക്കിയത്. ഓണച്ചന്തകൾ, നിറപൊലിമ. ഓണക്കനി, കിറ്റ് വിതരണം, ഓണസദ്യ, പോക്കറ്റ് മാർട്ട്, ഗിഫ്റ്റ് ഹാംപറുകൾ എന്നിവയിലൂടെയാണ് കുടുംബശ്രീയുടെ ഈനേട്ടം കൈവരിച്ചത്. പുലിയൂരിൽ നടന്ന ജില്ലചന്ത ഉൾപ്പെടെ 80 സി.ഡി.എസിലായി 154 ഓണച്ചന്തകളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്.
ഇതിലൂടെ 3.36 കോടിയുടെ വരുമാനമാണ് ലഭിച്ചത്. ആഗസ്റ്റ് 29 മുതൽ ഉത്രാടദിനമായ സെപ്റ്റംബർ മൂന്നുവരെയായിരുന്നു ചന്തകൾ. ആയിരത്തിലധികം കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്ത ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയ 12,314 ഓണക്കിറ്റുകളും വിറ്റഴിച്ചു. ഇതുവഴി മാത്രം 61,28,291 രൂപയുടെ വരുമാനനേട്ടമുണ്ടായി. വിവഭസമൃദ്ധമായ ഓണസദ്യ വിളമ്പിയും കുടുംബശ്രീ മികവുപുലർത്തി. 17,182 സദ്യകളിലൂടെ 34,02,000 രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയത്. ജില്ലയിൽ ഓരോ ബ്ലോക്കിലും രണ്ടുവീതം യൂനിറ്റുകളാണ് സദ്യ തയാറാക്കിയത്.
രണ്ടുതരം പായസം ഉൾപ്പടെയായിരുന്നു സദ്യ. ഓണക്കനി പദ്ധതിയിലൂടെ 20,916 കിലോപച്ചക്കറികളാണ് വിറ്റഴിച്ചത്. ഇതിലൂടെ മാത്രം 15,62,986 രൂപ വരുമാനവുമുണ്ടാക്കി. ആഘോഷത്തിന് വർണങ്ങളേകാൻ നാടാകെ പൂക്കളം നിറഞ്ഞപ്പോൾ നിറപൊലിമയും ഹിറ്റായി. 8461 കിലോ പൂക്കൾ വിറ്റഴിച്ച് 13,83,930 രൂപയുടെ വരുമാനവുമുണ്ടാക്കി. ജില്ലയിൽ 2000 ഏക്കറിലാണ് ജെ.എൽ.ജികൾ മുഖാന്തരം കുടുംബശ്രീ കൃഷിയിറക്കിയത്.
ഓണസമ്മാനമായി പ്രിയപ്പെട്ടവർക്ക് നൽകാൻ കുടുംബശ്രീ ഒരുക്കിയ ഗിഫ്റ്റ് ഹാംപറിനും മികച്ച പ്രതികരണം ലഭിച്ചു. 350 ഗിഫ്റ്റ് ഹാംപർ വിപണിയിലെത്തിച്ചത് വഴി 2,79,650 രൂപയുടെ വരുമാനവുമുണ്ടാക്കി. 1000 രൂപ വിലയുള്ള ഉൽപന്നങ്ങൾ 799 രൂപക്കാണ് ലഭ്യമാക്കിയത്. ഏഴുദിവസംകൊണ്ട് ഓണക്കനി, നിറപ്പൊലിമ എന്നിവയിലൂടെ മാത്രം നേടിയത് 29.46 ലക്ഷം രൂപയുടെ വിറ്റുവരവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

