ജില്ല ജയിലിലെ മർദനം: അക്രമകാരികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്നില്ല; പരാതി പരിശോധിക്കാൻ നിർദേശം
text_fieldsജില്ല ജയിൽ ആലപ്പുഴ
ആലപ്പുഴ: ജില്ലജയിലിൽ സഹ തടവുകാരനെ മർദിച്ച പ്രതിക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് പരാതി. ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന മാനദണ്ഡം ജയിൽ അധികൃതർ പാലിക്കുന്നില്ലെന്ന് കാണിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങാണ് പരാതിക്കാരൻ. ഇത് പരിശോധിച്ച് തുടർ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ജയിൽ ഡി.ജി.പിക്ക് കൈമാറി. ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും മറ്റ് തടവുകാരുമായി ഇടപഴകുവാൻ അനുവദിക്കരുതെന്നും മാനദണ്ഡമുണ്ട്.
ഇവിടെ മർദനം നടത്തിയ പ്രതിക്ക് ഈ മാനദണ്ഡം ബാധകമല്ലെന്നും ഇത് ജയിൽ അധികൃതർ അക്രമം കാണിച്ച പ്രതിക്ക് പ്രത്യേക പരിഗണന നൽകുന്നതിനാണെന്നും പരാതിയിൽ പറയുന്നു.ജില്ല ജയിലിൽ പോക്സോ കേസിലെ പ്രതി തങ്കപ്പനാണ് (85) മർദനമേറ്റത്. സംഭവത്തിൽ അടിപിടിക്കേസിലെ പ്രതി റോണിക്കെതിരെ (40) സൗത്ത് പോലീസ് കേസെടുത്തിരുന്നു. പുതുവത്സരദിനത്തിലായിരുന്നു സംഭവം. ഇരുവരും കഴിഞ്ഞ 31നാണ് ജയിലിൽ എത്തിയത്. തങ്കപ്പൻ പോക്സോ കേസിലെ പ്രതിയാണെന്ന് റോണിക്ക് അറിയില്ലായിരുന്നു.
ഇത് അറിഞ്ഞതോടെ തനിക്കും പെൺമക്കളുണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവത്തിൽ തങ്കപ്പന്റെ പല്ലു പോയിരുന്നു. കഴിഞ്ഞ 29നും ജില്ല ജയിലിൽ തടവുകാരനെ സഹതടവുകാരൻ മർദിച്ചിരുന്നു. തടവുകാരനായ തമ്പിക്കുട്ടനാണ് (53) മർദനമേറ്റത്. ജയിലിൽ മൂത്രമൊഴിച്ചുവെന്ന വിരോധത്തിലാണ് സഹതടവുകാരനായ മണികണ്ഠൻ തമ്പിക്കുട്ടനെ മർദിച്ചത്. തന്റെ ദേഹം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബാത്ത്റൂമിൽ എത്തിക്കുകയും തലക്ക് കൈകൊണ്ടും പ്ലാസ്റ്റിക് ബക്കറ്റ് ഉപയോഗിച്ചും മർദിക്കുകയായിരുന്നു. ഈ കേസിലും സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

