ജില്ല കോടതിപ്പാലം നവീകരണം; പൊളിക്കുന്ന കടകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി
text_fieldsആലപ്പുഴ: ജില്ല കോടതിപ്പാലം നവീകരണത്തിനായി പൊളിച്ചുമാറ്റുന്ന കടകൾക്ക് നഷ്ടപരിഹാരം നൽകാൻ ഹൈകോടതി നിർദേശം. പുനരധിവാസവും പരിഗണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിധിന്യായത്തിന്റെ പകർപ്പ് ലഭിച്ച തീയതി മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ, ഹരജിക്കാർ ഉയർന്ന നഷ്ടപരിഹാര പാക്കേജ് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകണം. അത് പരിഗണിച്ച് ഉചിതമായ പുനരധിവാസ പാക്കേജ് സർക്കാർ നിശ്ചയിക്കണം. സർക്കാറിന് പരാതി ലഭിച്ച തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
നഗരസഭകളുടെ വാടകക്കാരെ ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥയുണ്ടെന്ന് ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ ഇവിടെ സ്വന്തമായി കെട്ടിടം നിർമിച്ച് വ്യാപാരം നടത്തുന്നവരായതിനാൽ വാടകക്കാരുടെ ഗണത്തിൽപെടുത്താനാവില്ല. ഈ വിധം വ്യാപാരം നടത്തുന്നവരെ കുറിച്ച് നിയമത്തിൽ പ്രതിപാദിച്ചിട്ടുമില്ല. നഗരസഭ വാഗ്ദാനം ചെയ്ത അര ലക്ഷം നഷ്ടപരിഹാരം അംഗീകരിക്കാൻ കോടതിക്ക് കഴിയില്ല. രണ്ട് ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം ലഭിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
16 വ്യാപാരികളാണ് ഹൈകോടതിയെ സമീപിച്ചിരുന്നത്. വിഷയത്തിൽ മേയ് 29നാണ് വിധി പുറപ്പെടുവിച്ചത്. കടകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി ഒമ്പതിന് അവസാനിച്ചു. കൂടുതൽ സാവകാശം ആവശ്യപ്പെട്ട് കച്ചവടക്കാർ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ശനിയാഴ്ചവരെ കോടതി സമയം നൽകിയിരുന്നു. അതും അവസാനിച്ചതോടെ കടകൾ പൊളിച്ചു തുടങ്ങി. നഷ്ടപരിഹാരത്തുക കൂട്ടണമെന്നും പുനരധിവാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കച്ചവടക്കാർ ഹൈകോടതിയെ സമീപിച്ചത്.
പാലത്തിന് പടിഞ്ഞാറുഭാഗത്ത് എസ്.ഡി.വി സെന്റിനറി ഹാളിന് മുന്നിലെ മത്സ്യകന്യകയുടെ ശിൽപം മാറ്റുന്നതിൽ തീരുമാനമായില്ല. 50 ടണ്ണോളം ഭാരമുള്ള ശിൽപമാണിത്. വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം സർക്കാർ നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും നഷ്ടം കണക്കാക്കുന്നതിന് വ്യാപാരികളുമായി ചർച്ച നടത്തും.
കുറഞ്ഞ നഷ്ടപരിഹാരം രണ്ട് ലക്ഷമായിരിക്കും. പുറമ്പോക്കിലാണ് കടകൾ എന്നാണ് നഗരസഭ വാദിച്ചത്. 1995ൽ ടൂറിസം വകുപ്പ് അനുമതി നൽകിയതിനെ തുടർന്നാണ് കടകൾ നിർമിച്ചത്. വാട്ടർ, വൈദ്യൂതി കണക്ഷനുകളും കെട്ടിട നമ്പരും എല്ലാം ഇവർക്ക് ലഭ്യമായിരുന്നു. കോടതിപാലത്തിന് കിഴക്കും പടിഞ്ഞാറുമായി കനാലിന്റെ തെക്കേ കരയിലെ വ്യാപാരികളാണ് ഒഴിയാൻ വിസമ്മതിച്ച് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

