ജില്ല കോടതിപ്പാലം പൊളിച്ചു; കനാൽ കടക്കാൻ കാൽനടക്കാർക്ക് ഇരട്ടി ദുരിതം
text_fieldsവീതി കുറഞ്ഞ ആലപ്പുഴ പ്രസ്ക്ലബ്-സനാതനം റോഡിൽ വാഹനങ്ങൾക്കിടയിലൂടെ
സഞ്ചരിക്കുന്ന കാൽനടയാത്രികർ
വീതി കുറഞ്ഞ ആലപ്പുഴ പ്രസ്ക്ലബ്-സനാതനം റോഡിൽ വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രികർ
ആലപ്പുഴ: നവീകരണത്തിന്‍റെ ഭാഗമായി ജില്ല കോടതിപ്പാലം പൊളിച്ചതോടെ കനാൽ കടക്കാൻ കാൽനടക്കാർക്ക് ഇരട്ടി ദുരിതം. വാഹനങ്ങൾക്ക് കടന്നുപോകാൻ സമാന്തര വഴിയുണ്ടാക്കിയിട്ടുണ്ടെങ്കിലും കാൽനടക്കാർക്ക് പോകാൻ എളുപ്പമാർഗമില്ല. ഇതോടെ നഗരംചുറ്റിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
വീതികുറഞ്ഞ പ്രസ്ക്ലബ്-സനാതനം റോഡിലൂടെ കാറുകളടക്കമുള്ളവ ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ വൺവേ സംവിധാനമുണ്ട്. എന്നാൽ, വൈ.എം.സി.എ ഭാഗത്തുനിന്ന് ഇരുചക്ര വാഹനങ്ങളടക്കം എത്തുമ്പോൾ കാൽനടക്കാർക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ഇരുവശത്തും മതിലായതിനാൽ ഒഴിഞ്ഞുമാറാനും കഴിയില്ല. സമീപത്തെ സ്കൂളുകളടക്കം വിടുന്ന സമയത്ത് ഏറെ ബുദ്ധിമുട്ടാണ്.
നിരവധി സർക്കാർ ഓഫിസുകൾ, സ്കൂളുകളുകൾ, സ്വകാര്യ സ്ഥാപനങ്ങളടക്കം എന്നിവിടങ്ങളിലേക്ക് പോകാൻ വഴിയില്ലാത്തതാണ് പ്രശ്നം. വൈ.എം.സി.എ ഭാഗത്തുനിന്ന് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് കുഴി രൂപപ്പെട്ടത് അപകടസാധ്യത വർധിക്കുന്നു. മറുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കൊപ്പം ഇരുചക്ര വാഹനയാത്രക്കാർ കയറാൻ ശ്രമിക്കുമ്പോൾ കുഴിയിൽപെട്ട് വീഴാനുള്ള സാധ്യതയേറെയുണ്ട്.
ഇവിടെ പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ഗതാഗത നിയന്ത്രണം. രണ്ടരമാസം മുമ്പാണ് ജില്ല കോടതിപ്പാലം പൊളിച്ചത്. അന്ന് മുതൽ തണ്ണീർമുക്കം, മുഹമ്മ പ്രദേശങ്ങളിൽനിന്ന് എത്തുന്നവർക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്താൻ നടപ്പുമാത്രമാണ് ശരണം. സ്വകാര്യ ബസുകളെ ആശ്രയിച്ച് സ്റ്റാൻഡിലെത്തുന്നവരുടെ സ്ഥിതിയും സമാനമാണ്.
ആർ.ഡി.ഒ ഓഫിസ്, അമ്പലപ്പുഴ താലൂക്ക് ഓഫിസ്, ജില്ലകോടതി, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എത്താൻ ഏറെദൂരം ചുറ്റിത്തിരിയണം. പാലം പൊളിക്കുന്നതിന് മുമ്പുണ്ടായിരുന്ന ‘നടപ്പാലം’ ഏറെ ആശ്വാസമായിരുന്നു. അതും പൊളിച്ചുമാറ്റിയതോടെ ദുരിതം ഇരട്ടിയായി. കാൽനടക്കാർക്ക് സഞ്ചരിക്കാൻ വാടക്കനാലിന് കുറുകെ തടണയ നിർമിച്ച് താൽക്കാലിക പാത ഒരുക്കണമെന്നാണ് പ്രധാന ആവശ്യം.
കനാലിന് കുറുകെ താൽക്കാലിക ‘നടപ്പാത’ നിർമിക്കും -കെ.കെ. ജയമ്മ
ആലപ്പുഴ: ജില്ല കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് കാൽനടക്കാരുടെ ദുരിതം പരിഹരിക്കാൻ കനാലിന് കുറുകെ താൽക്കാലിക നടപ്പാത നിർമിക്കുന്നത് പരിഗണിക്കുമെന്ന് നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ. യാത്രാദുരിതത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അവർ.
മുല്ലയ്ക്കൽ ചിറപ്പ്, കിടങ്ങാംപറമ്പ് ഉത്സവം, പുതുവത്സം തുടങ്ങിയ ആഘോഷസമയത്ത് പ്രദേശത്ത് തിരക്ക് വർധിക്കും. ഇത് കണക്കിലെടുത്ത് എച്ച്. സലാം എം.എൽ.എ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവരടക്കമുള്ളവരുമായി സംസാരിച്ച് വാടക്കനാലിന് കുറുകെ കാൽനടക്ക് സഹായകമാകുന്ന രീതിയിൽ നടപ്പാത നിർമിക്കും. നിലവിൽ ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള നഗരചത്വരത്തിലൂടെ വഴിയൊരുക്കി വാഹനങ്ങൾ കടത്തിവിടുന്നത്. ജില്ല കോടതിപ്പാലം നിർമാണത്തിന് തടസ്സമാകുന്ന നിർമിതികൾ പൊളിച്ചുനീക്കണം. അതിനാൽ മത്സ്യകന്യക ശിൽപവും മാറ്റേണ്ടിവരുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

