ജില്ല കോടതി പാലം; 110 പൈലുകൾ പൂർത്തീകരിച്ചു
text_fieldsകോടതിപാലം നിർമാണത്തിനായി തൂണുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നു
ആലപ്പുഴ: നഗരത്തിലെ ജില്ല കോടതി പാലം നിർമാണത്തിന്റെ ഭാഗമായി 171 പൈലുകളിൽ 110 പൈലുകളുടെ നിർമാണം പൂർത്തീകരിച്ചു. 31 പൈൽ ക്യാപുകളിൽ 11 എണ്ണവും 84 പിയറുകളിൽ എട്ട് എണ്ണവും നിർമാണം പൂർത്തിയായി. 198 ഗർഡറുകളിൽ 28 എണ്ണവും പൂർത്തീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കലക്ടറേറ്റിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ പാലം നിർമാണ പുരോഗതി സംബന്ധിച്ച് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉന്നയിച്ച വിഷയത്തിന് മറുപടിയായി കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്.ആലപ്പുഴ ബീച്ചിലെ ടോയ്ലറ്റ് നിർമാണം പൂർത്തിയായതായും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും ജില്ല വികസന സമിതിയിൽ നഗരസഭ സെക്രട്ടറി അറിയിച്ചു.
അമ്പലപ്പുഴ മണ്ഡലത്തിലെ പോഞ്ഞിക്കര ജലസേചന പദ്ധതി പ്രവർത്തനം ആരംഭിച്ചതായി ജില്ല വികസന സമിതിയിൽ ബന്ധപ്പെട്ടവർ അറിയിച്ചു. എച്ച്. സലാം എം.എൽ.എ ഉന്നയിച്ച വിഷയത്തിന് മറുപടിയായി ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറാണ് വിശദീകരണം നൽകിയത്. കുട്ടനാട് നിയോജക മണ്ഡലത്തിലെ സ്കൂൾ ഗ്രൗണ്ടുകൾ താഴ്ന്ന പ്രദേശങ്ങളിലായതിനാൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, തോട്ടപ്പള്ളി ഹാർബറിൽ ഐ.ആർ.ഇ.എൽ ഡ്രഡ്ജ് ചെയ്ത് ധാതുക്കൾ വേർതിരിച്ചതിന് ശേഷം സൂക്ഷിച്ചിട്ടുള്ള മണൽ നൽകുന്നതിന് സാധിക്കും. കലക്ടറുടെ പ്രത്യേക ഉത്തരവ് ലഭിക്കുന്നമുറക്ക് നിയമാനുസൃതമായ റോയൽറ്റി അടച്ച് മണ്ണ് വിട്ടുനൽകാൻ സാധിക്കുമെന്ന് ജില്ല വികസന സമിതിയിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. തുടർന്ന് കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ജില്ല പ്രോജക്ട് മാനേജർ വിഷ്ണു കെ. മോഹൻ, ‘നമ്മുടെ കേരളം’ മൊബൈൽ ആപ് ജില്ലതല ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി. എം.എസ്. അരുണ്കുമാർ എം.എൽ.എ, കെ.സി. വേണുഗോപാൽ എം.പിയുടെ പ്രതിനിധി എ.എ. ഷുക്കൂർ, മറ്റ് ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ല ആസൂത്രണ സമിതി ഹാളിൽ ചേർന്ന ജില്ല വികസന സമിതിയിൽ കലക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, മറ്റ് ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

