നവീകരണത്തിന് വെട്ടിപ്പൊളിച്ചു; ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽ ദുരിതയാത്ര
text_fieldsനവീകരണം നീണ്ടതോടെ കുണ്ടുംകുഴിയും നിറഞ്ഞ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡ്
ആലപ്പുഴ: നവീകരണത്തിന്റെ പേരിൽ ആറുമാസം മുമ്പ് വെട്ടിപ്പൊളിച്ച റോഡ് ഇനിയും നന്നാക്കിയില്ല. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിനാണ് ഈ ദുരവസ്ഥ. ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡ് വീതികൂട്ടിയും ഉയർത്തി സുരക്ഷ ഉറപ്പാക്കിയുമുള്ള നിർമാണ പ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നതാണ് പ്രധാന പ്രശ്നം. ബീച്ച് ലെവൽക്രോസിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത് കുണ്ടും കുഴിയുമാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. സ്വകാര്യ ബസുകളടക്കം ആടിയുലഞ്ഞാണ് യാത്ര.
പാതിവഴിയിലെത്തിയ പ്രവേശന കവാടത്തിന്റെ നിർമാണവും യാത്രാതടസ്സം സൃഷ്ടിക്കുന്നുണ്ട്. കവാടത്തിന്റെ നടുവിൽ സ്ഥാപിച്ച തൂണാണ് വില്ലൻ. വീതികുറഞ്ഞ പാതയിലൂടെ സ്വകാര്യ ബസുകളടക്കം കടന്നുപോകുന്നത് കഷ്ടിച്ചാണ്. റോഡിലെ കുഴിയിൽ ആടിയുലഞ്ഞാണ് പ്രവേശനകവാടം കടക്കുന്നത്. ഈ സമയം മറ്റ് വാഹനങ്ങൾ എത്തിയാൽ ഡ്രൈവർ സാഹസികത പുറത്തെടുക്കേണ്ടിവരും. കാൽനടക്കാർ പേടിച്ചാണ് ഇതുവഴി യാത്രചെയ്യുന്നത്. ടാറിങ്ങിനായി കുത്തിക്കീറിയ റോഡിലൂടെയുള്ള സഞ്ചാരം ഏറ്റവുമധികം ബാധിക്കുന്നത് ഇരുചക്രവാഹന യാത്രികരെയാണ്.
ഇനിയും എത്രനാൾ കാത്തിരിക്കണം?
പ്രവേശനകവാടവും നടപ്പാതയും ഉൾപ്പെടെ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം എപ്പോൾ തീരുമെന്ന് അധികൃതർക്കും ഉറപ്പില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആറുകോടി ചെലവിട്ടാണ് റോഡ് വീതികൂട്ടിയും യാത്രാസുരക്ഷ ഉറപ്പുവരുത്തിയും പുനർനിർമിക്കുന്നത്. ആലപ്പുഴ ബീച്ച് ലെവൽക്രോസ് മുതൽ റെയിൽവേ സ്റ്റേഷൻ വരെ എത്തുന്ന റോഡിന് നിലവിൽ ഒമ്പത് മീറ്റർ വീതിയാണുള്ളത്. അത് 12 മീറ്ററാക്കിയാണ് വികസിപ്പിക്കുന്നത്. ഇതിനൊപ്പം 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. റോഡിനൊപ്പം ഓട, നടപ്പാത, പാർക്കിങ് എന്നിവയുമുണ്ട്.
റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവേശനകവാടവും നടപ്പാതയും നിർമിക്കാൻ രണ്ടുമാസത്തിലേറെയാണ് സ്വകാര്യ ബസുകളുടെ സർവിസ് നിർത്തിയത്. വ്യാപക പരാതി ഉയർന്നതോടെ മേയ് അവസാനവാരം സ്വകാര്യ ബസ് സർവിസ് പുനരാംഭിക്കുകയായിരുന്നു. സ്വകാര്യ ബസുകളുടെ സഞ്ചാരം സാധ്യമാക്കി നാലുമാസം പിന്നിട്ടിട്ടും റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായിട്ടില്ല. ഓട്ടോക്കാരും ദുരിതപാത പിന്നിട്ടാണ് യാത്രക്കാരെ സ്റ്റേഷനിലെത്തിക്കുന്നത്.
പണിതിട്ടും തീരാതെ
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് പണികൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പണി ഇഴഞ്ഞുനീങ്ങുന്നതിനാൽ നിർമാണപ്രവൃത്തികൾ ഏങ്ങുമെത്തിയിട്ടില്ല. ഗതാഗത തടസ്സവും വെള്ളക്കെട്ടും ഉണ്ടാകാത്തവിധത്തിലാണ് റെയിൽവേ സ്റ്റേഷൻ റോഡ് നിർമിക്കുന്നത്. ആദ്യം ടാറിട്ട റോഡാണ് പണിയാൻ തീരുമാനിച്ചത്.
പിന്നീടാണ് അത് പൂർണമായും കോൺക്രീറ്റാക്കിയത്. വെളിച്ചമേകാൻ ഇരുവശത്തും വഴിവിളക്കുകളും സ്ഥാപിക്കും. സ്റ്റേഷന്റെ നവീകരണവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ടിക്കറ്റ് കൗണ്ടറും വിശ്രമകേന്ദ്രവും പ്ലാറ്റ്ഫോമിന്റെ തുടക്കത്തിലേക്ക് മാറ്റിയിരുന്നു. യാത്രക്കാർക്ക് പ്ലാറ്റ്ഫോമിലേക്ക് കയറാൻ നടപ്പാതയും നിർമിച്ചിട്ടുണ്ട്. മുൻഭാഗത്തെ പ്രധാനകവാടം, കെട്ടിടം, ബുക്കിങ് ഓഫിസ്, പ്രീ പെയ്ഡ് കൗണ്ടർ, പാർക്കിങ് ഏരിയ എന്നിവയുടെ നിർമാണവും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

