ഡീസൽ ക്ഷാമം, വെള്ളപ്പൊക്കം; സർവിസ് വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി
text_fieldsആലപ്പുഴ: ഡീസൽ ക്ഷാമം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി സർവിസ് വെട്ടിക്കുറക്കുന്നു. ഡിപ്പോകളിൽ കുറച്ച് ദിവസത്തേക്കുകൂടി ഡീസലുണ്ടെങ്കിലും മുൻകരുതലെന്ന നിലയിലാണ് മാനേജ്മെന്റ് നിർദേശ പ്രകാരമുള്ള നടപടി. കനത്ത മഴ കണക്കിലെടുത്തും ബസുകൾ കുറച്ചതോടെ അത്യാവശ്യ യാത്രക്കാർ ബുദ്ധിമുട്ടിലായി. പല റൂട്ടിലും ഏറെനേരം കഴിഞ്ഞാണ് ബസ് കിട്ടുന്നത്.
ഡീസൽ ക്ഷാമം കണക്കിലെടുത്ത് ശനി, ഞായർ ദിവസങ്ങളിൽ സർവിസ് കുറക്കാൻ നിശ്ചയിച്ചതനുസരിച്ചും കൂടുതൽ വരുമാനം ലഭിക്കുന്ന തിങ്കളാഴ്ച സർവിസ് കൃത്യമായി നടത്താനുമാണ് മൂന്ന് ദിവസമായി ബസുകളുടെ എണ്ണം കുറച്ചതെന്ന് അധികൃതർ സൂചിപ്പിച്ചു. ചൊവ്വാഴ്ച വരെയാണ് തൽക്കാലം സർവിസ് നിയന്ത്രണം തീരുമാനിച്ചത്. വരുംദിവസങ്ങളിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് സൂചന. കനത്ത മഴ കാരണം സർവിസ് കുറച്ചിട്ടുമുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വെള്ളപ്പൊക്കവും മഴയും കാരണം ആലപ്പുഴ ഡിപ്പോയിൽനിന്ന് 12 സർവിസാണ് റദ്ദാക്കിയത്. ആകെയുള്ളത് 64 സർവിസ്. വെള്ളപ്പൊക്കം ബാധിച്ച കുട്ടനാട് ഭാഗത്തേക്കുള്ളവയാണ് പ്രധാനമായും നിർത്തലാക്കിയത്. അമ്പലപ്പുഴ -തിരുവല്ല റോഡിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറിയതിനാൽ ആലപ്പുഴയിൽനിന്നുള്ള തിരുവല്ല ബസുകളും നിർത്തി. അർത്തുങ്കൽ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശ റൂട്ടുകളിൽ സർവിസ് നടത്തിക്കൊണ്ടിരുന്ന ബസുകളിൽ പലതും നിർത്തി. യാത്രക്കാർ കുറവായതാണ് ഇവ നിർത്തലാക്കാൻ കാരണം. അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ബസ് ഓടാത്തതിനാൽ ആലപ്പുഴ ഡിപ്പോയിൽനിന്ന് മുഹമ്മ - കുമരകം വഴി കോട്ടയത്തിന് ഒമ്പത് അധിക സർവിസ് നടത്തുന്നുണ്ട്.
മാവേലിക്കര ഡിപ്പോയിൽ രണ്ട് ദിവസമായി രണ്ട് കരുനാഗപ്പള്ളി, ആലപ്പുഴ ഓർഡിനറി സർവിസ് റദ്ദാക്കി. ശനിയാഴ്ച അഞ്ചെണ്ണമാണ് റദ്ദാക്കിയത്. നിലവിൽ മൂന്ന് സൂപ്പർ, എട്ട് ഫാസ്റ്റ്, 16 ഓർഡിനറി ബസുകളാണ് ദിവസവും സർവിസ് നടത്തുന്നത്. ഇവയിൽ ചിലത് മഴയുടെ പശ്ചാത്തലത്തിൽ ഓടിയില്ല. ഡിപ്പോയിൽ 1500 ലീറ്ററോളം ഡീസൽ സ്റ്റോക്കുണ്ട്.
ചെങ്ങന്നൂർ ഡിപ്പോയിൽ 4700 ലീറ്റർ ഡീസൽ സ്റ്റോക്കുണ്ടെങ്കിലും ഇനി ചൊവ്വാഴ്ചയേ ഡിപ്പോയിലേക്ക് ഡീസൽ എത്തൂ. ഇതോടെ ഞായറാഴ്ച നാലിലൊന്ന് മാത്രം സർവിസേ ഉണ്ടാകൂ. 35 എണ്ണമാണ് ഡിപ്പോയിനിന്നുള്ളത്.ഹരിപ്പാട് ഡിപ്പോയിൽ ഇന്ധനക്ഷാമം ഇല്ലെങ്കിലും വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. ഹരിപ്പാട് -വീയപുരം റൂട്ടിൽ ഒരു ഓർഡിനറി സർവിസും ഹരിപ്പാട് -കോട്ടയം റൂട്ടിൽ രണ്ട് സർവിസുമാണ് വെട്ടിക്കുറച്ചത്. കുട്ടനാട് -അപ്പർ കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം സർവിസിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ചേർത്തല ഡിപ്പോയിൽനിന്ന് എട്ട് ഓർഡിനറി സർവിസ് മുടങ്ങി. ചേർത്തല -കുമരകം വഴി കോട്ടയം, ചേർത്തല -മുഹമ്മ, ചേർത്തല -ആലപ്പുഴ, ചേർത്തല -ഹൈകോടതി സർവിസുകളാണ് മുടങ്ങിയത്. ഇവിടെയും ഡീസൽ ക്ഷാമമുണ്ട്. രണ്ട് ദിവസമായി ലോഡ് എത്തിയിട്ടില്ല. ഇക്കാരണത്താൽ ചേർത്തല പമ്പിൽനിന്ന് പൊതുജനങ്ങൾക്ക് ഡീസൽ നൽകുന്നില്ല.
കായംകുളം ഡിപ്പോയിൽ ഡീസൽ സംഭരിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ചയും സർവിസ് വെട്ടിക്കുറക്കും. വരുമാനം കൂടുതലുള്ള ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റും ഞായറാഴ്ച വൈകീട്ടോടെ കൂടുതലായി ഓടിത്തുടങ്ങും. തിങ്കളാഴ്ച യാത്രക്കാർ വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവിസ് രാവിലെ മുതൽ നടത്തും. ഞായറാഴ്ച ഡിപ്പോയിൽനിന്ന് പകുതി ഓർഡിനറി സർവിസുകളും ഉണ്ടാകില്ല.
ചെയിൻ സർവിസുള്ള കെ.പി റോഡിലും കരുനാഗപ്പള്ളി, ഹരിപ്പാട് റൂട്ടിലും സർവിസുകളിൽ കാര്യമായ വെട്ടിക്കുറവ് വരുത്തിയേക്കില്ല. ആലപ്പുഴ ഡിപ്പോയിൽ തൽക്കാലം ഡീസൽ ക്ഷാമമില്ല. ദിവസം 4000 - 5000 ലീറ്റർ ഡീസലാണ് വേണ്ടത്. 6300 ലിറ്റർ സ്റ്റോക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

