ദേശീയ പാത വികസനം: വഴിയടഞ്ഞ് വൈക്കത്ത് ദേശം
text_fieldsകായംകുളം പോളിടെക്നിക്കിലേക്കും വൈക്കത്ത് ഭാഗത്തേക്കുമുള്ള റോഡ്. അപ്രോച് റോഡ്
വരുന്നതോടെ ഈ റോഡ് ഇല്ലാതാകും
കായംകുളം: ദേശീയപാത വികസനത്തോടെ വഴിയടയുന്ന പോളിടെക്നിക് ഭാഗത്തെ ജനങ്ങളുടെ ആശങ്കക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യമുയരുന്നു. നിലവിലുള്ള റോഡ് ദേശീയപാതയുടെ ഭാഗമാകുന്നതോടെയാണ് നൂറുകണക്കിന് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാകുന്നത്.
ഇതിന് ബദൽ മാർഗം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അധികൃതർക്ക് ധാരണ ഇല്ലാത്തതും ചർച്ചയാകുന്നു. ഒ.എൻ.കെ ജങ്ഷനിൽനിന്ന് പോളിടെക്‌നിക്കിലേക്ക് നിലവിൽ ദേശീയപാതക്ക് സമാന്തരമായി പാലത്തിന് പടിഞ്ഞാറ് ഭാഗത്തു കൂടിയുള്ള റോഡാണ് ഇല്ലാതാകുന്നത്.
വൈക്കത്ത് അംഗൻവാടി റോഡും തോട്ടുമുഖപ്പ് റോഡും ഇവിടേക്കാണ് വന്ന് ചേരുന്നത്. പ്രദേശവാസികൾക്കുള്ള ഏക സഞ്ചരമാർഗമാണിത്. പ്രദേശത്തേക്ക് എത്താൻ മറ്റ് മാർഗങ്ങളില്ല. റോഡ് അടയുന്നതോടെ പടിഞ്ഞാറൻ മേഖലയിലെ 150ഓളം കുടുംബങ്ങളാണ് ഒറ്റപ്പെടുന്നത്. ഗവ. വനിത പോളിടെക്‌നിക്കിലേക്കുള്ള യാത്രയും തടസ്സപ്പെടും.
കെ.എസ്.ആർ.ടി.സി ബസ്സ്‌റ്റാൻഡ് ഭാഗത്ത് കരിപ്പുഴ കനാലിന് കുറുകെ ദേശീയപാത നവീകരണ ഭാഗമായി പുതിയ പാലം നിർമിക്കുന്നതും താഴെ റോഡിനെ ആശ്രയിക്കുന്ന ജനങ്ങളെ ബാധിക്കും. ഉയരത്തിൽ നിർമിക്കുന്ന പാലത്തിലേക്കും അപ്രോച് റോഡിലേക്കും എത്താൻ ശാസ്ത്രീയ സൗകര്യങ്ങളുണ്ടായാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകു. പാലവും അപ്രോച് റോഡും ഉയരത്തിൽ പോകുന്നതിനാൽ പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
ദേശീയപാത വികസിപ്പിക്കുമ്പോൾ നിലവിലുള്ള റോഡ് അപ്രോച് റോഡായി മാറും. നിലവിൽ ഏറ്റെടുത്ത സ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്ത് സ്ഥലം കണ്ടെത്തി റോഡ് നിർമിച്ചില്ലെങ്കിൽ ഗുരുതര സാമൂഹിക പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.
വിഷയത്തിൽ പരിഹാരം കാണുന്നതിന് അടിയന്തരമായി ജനപ്രതിനിധികൾ ഇടപെടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പ്രദേശവാസികൾക്ക് സഞ്ചരിക്കാൻ വഴി ഒരുക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നഗരസഭ കൗൺസിലർ എ.പി. ഷാജഹാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

