പുന്നമടയുടെ കരുത്തുമായി ‘ദേവസ് ചുണ്ടൻ’
text_fieldsനെഹ്റുട്രോഫിക്ക് മുന്നോടിയായി പുന്നമടക്കായലിൽ പുന്നമട ബോട്ട് ക്ലബ് ടീം ദേവസ് ചുണ്ടനിൽ പരിശീലന തുഴച്ചിൽ നടത്തുന്നു
ആലപ്പുഴ: കഴിഞ്ഞവർഷത്തെ നെഹ്റുട്രോഫിയിൽ മൂന്നാംസ്ഥാനക്കാരായി ഫിനിഷ് ചെയ്ത പുന്നമട ബോട്ട് ക്ലബ് (പി.ബി.സി) ഇക്കുറിയെത്തുന്നത് ദേവസ് ചുണ്ടനിൽ. കായൽപോരാളിയെന്ന വിളിപ്പേരുള്ള ചുണ്ടനിൽ അരയും തലയും മുറുക്കിയാണ് പരിശീലനം. ഒരിക്കൽ തുഴഞ്ഞെടുത്തിട്ടും നെഹ്റുട്രോഫി നഷ്ടമായ നൊമ്പരത്തിന്റെ കഥയും ദേവസ് ചുണ്ടന് പറയാനുണ്ട്. 2011ൽ ജേതാവായെങ്കിലും മത്സരത്തിൽ യൂനിഫോമായി നിശ്ചയിച്ചിരുന്ന കൈയില്ലാത്ത ബനിയൻ തുഴച്ചിൽക്കാർ ധരിച്ചില്ലെന്ന കാരണത്താലാണ് ചാമ്പ്യൻ പട്ടത്തിൽനിന്ന് ഒഴിവാക്കിയത്.
നെഹ്റു ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. അന്ന് ഒന്നാംസ്ഥാനം നേടിയ ദേവസ് ചുണ്ടനെ അയോഗ്യരാക്കി രണ്ടാംസ്ഥാനക്കാരായ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചു.ദേവസിലെ തുഴച്ചിൽക്കാർ നിബന്ധനകൾ തെറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാരിച്ചാൽ ഹൈകോടതിയെ സമീപിച്ചതോടെ കോടതി നിർദേശപ്രകാരം നിയോഗിച്ച കലക്ടർ അധ്യക്ഷനായ സമിതിയുടേതായിരുന്നു തീരുമാനം. മത്സരത്തിൽ യൂനിഫോമായി നിശ്ചയിച്ചിരുന്ന കൈയില്ലാത്ത ബനിയൻ ദേവസ് ചൂണ്ടനിലെ തുഴച്ചിൽക്കാർ ധരിച്ചിരുന്നില്ലെന്നും വ്യവസ്ഥകൾ ബോധപൂർവം ലംഘിച്ചെന്നും സമിതി കണ്ടെത്തി.
നിരവധിതവണ ഫൈനൽ റൗണ്ടിൽ എത്തിയെങ്കിലും ജലരാജപ്പട്ടം ഇന്നും കിട്ടാക്കനിയാണ്. 2018ലാണ് അവസാനമായി ഫൈനലിലെത്തിയത്. 82 തുഴച്ചിൽക്കാരാണുള്ളത്.ആറ് നിലക്കാരും അഞ്ച് പങ്കായവും രണ്ട് ഇടിയനുമുണ്ട്. ഉമാമഹേശ്വരൻ ആശാരി നിർമിച്ച ചുണ്ടൻ സാബു നാരായണൻ ആശാരിയാണ് പുതുക്കിപ്പണിതത്. നെഹ്റു ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പലതവണ കൈവിട്ട കിരീടം നേടാനുള്ള ശ്രമത്തിലാണ് ടീം. വള്ളം പുതുക്കിപ്പണിതത് കഴിഞ്ഞവർഷമാണ്.
രാഹുൽ സി.കാംബ്ലി ക്യാപ്റ്റനും ജോഷിമോൻ ലീഡിങ് ക്യാപ്റ്റനുമാണ്. നിരവധിതവണ നെഹ്റു ട്രോഫിയിൽ ക്യാപ്റ്റൻ പദവി വഹിച്ച സുനിൽ ജോസഫ് വഞ്ചിക്കലാണ് പുന്നമട ബോട്ട് ക്ലബിന്റെ രക്ഷാധികാരി. മുൻ നഗരസഭ ചെയർമാൻ തോമസ് ജോസഫാണ് പ്രസിഡന്റ്. സെക്രട്ടറി ഷിബു അഗസ്റ്റിൻ, ട്രഷറർ ജിജോ ജോർജ് എന്നിവരും ഒപ്പമുണ്ട്.
മത്സരവേദിയിൽ പാട്ടുപാടി കലക്ടർ
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നടന്ന ‘നിറച്ചാർത്ത്’ ചിത്രരചനമത്സരവേദിയിൽ പാട്ടുപാടി കലക്ടർ ഹരിത വി. കുമാർ താരമായി. ശാന്തം സിനിമയിലെ ‘ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ....കാത്തുകാത്തുണ്ടായൊരുണ്ണി അമ്പോറ്റിക്കണ്ണന്റെ മുന്നിൽ അമ്മ...കുമ്പിട്ടുകിട്ടിയ പുണ്യം’’ ഈവരികളാണ് പാടിയത്. കുരുന്ന് ഹൃദയങ്ങൾ കീഴടക്കിയ പാട്ടിന് നിറഞ്ഞ കൈയടിയാണ് കിട്ടിയത്.
മത്സരവിജയികൾ
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ നിറച്ചാര്‍ത്ത്- പെയിന്റങ്, കളറിങ് മത്സരത്തിലെ വിജയികൾ. എൽ.പി വിഭാഗം: ആലപ്പുഴ മാത സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്രേറ്റ ജെ. ജോര്‍ജ് ഒന്നും എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസിലെ അമേയ ഉണ്ണികൃഷ്ണന് രണ്ടും കാര്‍മല്‍ അക്കാദമി എച്ച്.എസ്.എസിലെ വി. വൈഗ മൂന്നും സ്ഥാനം നേടി.
യു.പി വിഭാഗം: മാത സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്രേറ്റ് ജെ. ജോര്‍ജ് ഒന്നാം സ്ഥാനവും പുന്നപ്ര യു.പി സ്കൂളിലെ എ. അലീന രണ്ടാം സ്ഥാനവും സെന്റ് ആന്റണീസ് ജി.എച്ച്.എസിലെ ഉത്ര സജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗം: ആദ്യ രണ്ട് സ്ഥാനവും കാര്‍മല്‍ അക്കാദമി എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ക്കാണ്.
എച്ച്. അയാന ഫാത്തിമ ഒന്നാം സ്ഥാനവും പാര്‍വതി രാജേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ സുമയ്യ നൗഷാദാണ് മൂന്നാമത്. ചിത്രകല അധ്യാപകരായ സതീഷ് വാഴവേലില്‍, സിറില്‍ ഡൊമിനിക്, ബിജു വിജയൻ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

