കോടതിപ്പാലം നവീകരണത്തിനായി പൊളിച്ചു തുടങ്ങി
text_fieldsകോടതിപ്പാലം പൊളിച്ചു നീക്കുന്നു
ആലപ്പുഴ: ജില്ലാ ആസ്ഥാനത്തെ കോടതിപ്പാലം നവീകരണത്തിനായി പൊളിച്ചു തുടങ്ങി. ബുധനാഴ്ച പാലത്തിന്റെ കോൺക്രീറ്റ് സ്ളാബുകൾ പൂർണമായും പൊളിച്ചു നീക്കി. ഇനി ഗർഡറുകളാണ് നീക്കം ചെയ്യാനുള്ളത്. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പുതിയ ക്രമീകരണങ്ങൾ എന്ത് എന്ന് മിക്കവർക്കും അറിയില്ല. എല്ലായിടത്തും പൊലീസ് നിന്ന് വാഹനങ്ങൾ തിരിച്ച് വിടുന്നുണ്ട്.
ഒരാഴ്ചക്കകം പാലം പൂർണമായും പൊളിച്ചുമാറ്റും. കാലാവസ്ഥ അനുകൂലമായതിനാൽ വേഗതയിലാണ് പൊളിക്കൽ നടക്കുന്നത്. പാലം പൊളിച്ചുനീക്കിയശേഷം പുതിയ പാലത്തിനായുള്ള പൈലുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും. കനാലിന്റെ തെക്കേക്കരയിലും ഗതാഗതം പൂർണമായും അടക്കും.പാലം പൊളിച്ചതോടെ തെക്കേക്കരയിൽ നിന്ന് വടക്കേക്കരയിലേക്ക് കാൽനടയുൾപ്പെടെയുള്ള യാത്ര ഔട്ട് പോസ്റ്റ് ഭാഗത്തെ താൽക്കാലിക ബണ്ട് പാലംവഴി മാത്രമായി. പാലം പൊളിക്കുന്നതിനൊപ്പം കനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് കോടതിപ്പാലത്തിന് സമീപം നടപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ വടക്ക് യൂണിറ്റ് കലക്ടർക്ക് നിവേദനം നൽകി.
പാലത്തിന്റെ വടക്കുഭാഗത്ത് കനാൽക്കരയിലൂടെ വൈ.എം.സി.എ ജങ്ഷനിലേക്ക് ചെറിയ വാഹനങ്ങൾക്ക് വഴിസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു കനാലിന്റെ വടക്കേക്കരയിൽ ഗർഡറുകളുടെ നിർമാണവും അവ പില്ലറുകളുടെ മുകളിൽ സ്ഥാപിക്കുന്നതിനായി എടുത്തുകൊണ്ട്വരുന്നതിനുള്ള യന്ത്ര സംവിധാനവും സജ്ജീകരിച്ചിരിക്കുന്നതിനാൽ അതുവഴി കാൽനടപോലും അനുവദിക്കാനാകില്ലെന്നാണ് നിർമാണ കമ്പനിയായ കെ.ആർ.എഫ്.ബിയുടെ നിലപാട്.
172 ഗർഡറുകളാണ് പാലത്തിനായി വേണ്ടിവരുന്നത്. മൂന്നെണ്ണത്തിന്റെ നിർമാണം മാത്രമാണ് പൂർത്തിയായത്. ശേഷിക്കുന്നവയുടെ നിർമാണവും കനാലിന്റെ വടക്കേക്കരയിലാണ് നടത്തുക. അതിനാൽ അതുവഴി വാഹനങ്ങളോ കാൽനടയോ സാധ്യമാകില്ല. പാലത്തിന്റെ തെക്കേക്കരയിൽ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്തു തുടങ്ങി. ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോമറുകളും നീക്കം ചെയ്ത് മരങ്ങളും മുറിച്ചുനീക്കിയിലുടൻ തെക്കേക്കരയിലെ റോഡ് പൂർണമായും നിർമാണത്തിനായി അടയ്ക്കും. തെക്കേക്കരയിൽ വശത്തുകൂടി ചെറിയ വാഹനങ്ങൾക്കും കാൽനടക്കാർക്കും പോകുന്നതിന് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
ഗതാഗത ക്രമീകരണം അറിയാതെ വലഞ്ഞ് ജനം
ആലപ്പുഴ: കോടതിപ്പാലം നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം അറിയാതെ ജനം വലയുന്നു. കോടതിയുടെ ഭാഗത്തു നിന്നും തെക്കോട്ട് വരുന്ന വാഹനങ്ങൾ കോടതിപ്പാലത്തിനടുത്ത് നിന്ന് കലക്ട്രേറ്റിന്റെ അനക്സ് കെട്ടിടത്തിന് അരികിലൂടെ കിഴക്കോട്ട് പോയി ആലുക്കാസ് ജങ്ഷനിലെ താൽകാലിക പാലംവഴിയാണ് തെക്കോട്ട് പോകുന്നത്. ഇതുവഴി എതിരെയും വാഹനങ്ങൾ എത്തുന്നതിനാൽ കലക്ട്രേറ്റിന്റെ അനക്സ് കെട്ടിടത്തിന്റെ ഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ കുരുങ്ങുന്നു. പ്രസ്ക്ലബ്ബിന്റെ വശത്തുകൂടി വൈ.എം.സി.എ റോഡിലെത്തുന്ന ഇടുങ്ങിയ വഴിയിലും വൻ വാഹനത്തിരക്കാണ്.
ഇവിടെ ഒരു വാഹനം കടന്നുപോകാൻ മാത്രമുള്ള വീതിയാണ് വഴിക്കുള്ളത്. ഇതുവഴിയും രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നതാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. രണ്ടിടത്തും വൺവേ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് ജങ്ഷൻ വരെയുള്ള യാത്ര ദുരിതപൂർണമാണ്. ചെറുവാഹനങ്ങൾക്ക് മാത്രമേ ഇതുവഴി കടന്നുപോകാൻ കഴിയുകയുള്ളൂ.
രണ്ടര മീറ്റർ വീതിയിലുള്ള റോഡിലൂടെയാണ് ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിനിടയിൽകൂടി വേണം കാൽനടക്കാരും സഞ്ചരിക്കേണ്ടത്. തട്ടിയും മുട്ടിയും ഹാൻഡിലുകളിൽ ഉടക്കിയുമാണ് ഇരുചക്രവാഹനങ്ങളിലെ യാത്ര. ഒരുകാറിന് മാത്രം കടന്നുപോകാൻ സ്ഥലമുള്ളിടത്താണ് ഇത്രയും അധികം വാഹനങ്ങൾ എത്തുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങൾ സ്ഥാപനങ്ങൾക്ക് മുന്നിൽ നിർത്തിയിടുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് എളുപ്പത്തിൽ കടന്നുപോകാനുമാകില്ല. ചിലസമയങ്ങളിൽ വാഹനങ്ങൾ മുന്നാട്ടും പിന്നോട്ടും എടുക്കാനാകാത്തവിധം കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാകുന്നു.
പൊലീസുകാർ പണിപ്പെട്ടാണ് വാഹനങ്ങൾ ഇവിടെ കടന്നുപോകാൻ വഴിയൊരുക്കുന്നത്. ബസ് യാത്രക്കാരും വലയുന്നു. ബസുകളുടെ പുതിയ സഞ്ചാരപാത മിക്കവർക്കും അറിയില്ല. സാധാരണ പോകുന്ന വഴികളിൽ എത്തുന്നവർ അതുവഴി ബസ് വരില്ലെന്നറിഞ്ഞ് ഏറെ നടന്ന് ബസ് പോകുന്ന വഴികൾ കണ്ട്പിടിച്ച് അവിടെ എത്തേണ്ട സ്ഥിതിയാണ്. ഓട്ടോ പിടിച്ച് പോകാനും കഴിയുന്നില്ല. വഴികൾ മിക്കതും അടച്ചിരിക്കുന്നതും പുതിയ വൺവേ സംവിധാനവുമുള്ളതിനാൽ ഓട്ടോകളിൽ കയറിയാൽ ബസുകൾ ഓടുന്ന വഴികളിലെത്താൻ ഏറെ ചുറ്റിക്കറങ്ങണം. അതിനാൽ മിക്കവരും ബസ് കണ്ടെത്താൻ നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

