ഡീലിമിറ്റേഷന്‍ കമീഷൻ ഹിയറിങ്; തദ്ദേശ വാർഡ് അതിർത്തി നിർണയത്തിൽ പരാതികളേറെ
text_fieldsജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലതല ഹിയറിങ്ങിൽ ഡീലിമിറ്റേഷൻ കമീഷൻ ചെയര്മാൻ എ. ഷാജഹാന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, നഗരസഭ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ കേൾക്കുന്നു
ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ പേരിൽ അശാസ്ത്രീയമായ അതിർത്തി നിർണയവും കൂട്ടിച്ചേർക്കലും നടന്നതായി പരാതി.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷൻ ചെയര്മാൻ എ. ഷാജഹാന്റെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലതല ഹിയറിങ്ങിലാണ് നഗരസഭ-പഞ്ചായത്ത് കരട് വാർഡുകളുടെ വിഭജനം സംബന്ധിച്ച പരാതി ഉയർന്നത്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽനിന്ന് 723 പരാതികളാണ് ലഭിച്ചത്. തകഴി, ദേവികുളങ്ങര, പുളിങ്കുന്ന്, വെണ്മണി തുടങ്ങിയ നാല് പഞ്ചായത്തുകളിൽനിന്ന് ആക്ഷേപമുയർന്നില്ല. അതിര്‍ത്തി സംബന്ധിച്ചും വാർഡിന്റെ പേര് മാറ്റിയതും വാസഗൃഹങ്ങൾ തൊട്ടടുത്ത വാര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തതുമായ പരാതികളാണ് ഏറെയും കമീഷന് മുന്നിലെത്തിയത്.
ആലപ്പുഴ നഗരസഭ പരിധിയിൽനിന്ന് മാത്രം 98 പരാതിയാണ് ലഭിച്ചത്. പഴവീട്, തിരുവമ്പാടി, കരളകം, അവലൂക്കുന്ന്, ജില്ലകോടതി, തത്തംപള്ളി, കറുകയിൽ, നെഹ്റു ട്രോഫി അടക്കമുള്ള വാർഡുകളിലെ അതിർത്തി നിർണത്തിനെതിരെ പ്രദേശവാസികൾ പരാതിപ്പെട്ടു.
പഴവീട് വാർഡിലെ സ്കൂളും തിരുവമ്പാടി ക്ഷേത്രവും വാർഡിന്റെ പേരുപോലുമില്ലാത്ത ഇടത്തേക്ക് മാറ്റിയതായും പരാതിയുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട നെഹ്റു ട്രോഫി വാർഡിലേക്ക് സമീപത്തെ പുന്നമട വാർഡിന്റെ കുറച്ചുഭാഗങ്ങളും കൂട്ടിച്ചേർത്തു. കരളകം വാർഡ് വെട്ടിമുറിച്ച് വിവിധ മേഖകളിലൂടെ കടന്നുപോകുന്ന രീതിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയും പരാതിയെത്തി.
നഗരസഭ വാർഡുകളുടെ എണ്ണം ജനസംഖ്യ അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയിൽ ഒരു വാർഡ് കൂടും. നിലവിൽ 52 വാർഡുകളാണുള്ളത്. പുതുതായി തുമ്പോളി സൗത്തുകൂടി എത്തുന്നതോടെ എണ്ണം 53 ആകും. നഗരസഭയിലെ സംവരണ വാർഡുകളുടെ എണ്ണത്തിലും മാറ്റം വന്നിട്ടുണ്ട്. വനിത സംവരണം 25ൽനിന്നും 27ലേക്ക് ഉയർന്നു. ഒരു വാർഡിന് പട്ടികജാതി സംവരണവും ലഭിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വാർഡ് അതിർത്തികളിലെ മാറ്റത്തിൽ അതൃപ്തിയുമായി പ്രദേശവാസികളാണ് എത്തിയത്. നിയമാവലിയിൽ പറഞ്ഞ പ്രകാരമല്ലാതെയാണ് പലയിടത്തും മാപ്പ് വരച്ചിരിക്കുന്നത്.
ബന്ധപ്പെട്ട പരാതി ന്യായമാണെന്ന് കമീഷന് ബോധ്യപ്പെട്ടാൽ മാറ്റമുണ്ടാകും. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് സമയം കുറവായതിനാൽ അത്തരമൊരു മാറ്റമുണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. കലക്ടർ അലക്സ് വർഗീസ്, കമീഷന് സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്നമോൾ, ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ പി. സുനില്‍കുമാർ, ആലപ്പുഴ എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ ഇൻ ചാര്‍ജ് സി. അലക്സ്, കമീഷനിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

