ഭരണപരമായ തീരുമാനം വൈകുന്നത് അഴിമതിക്ക് തുല്യം -മന്ത്രി പി. പ്രസാദ്
text_fieldsചെങ്ങന്നൂർ താലൂക്കുതല പരാതി പരിഹാര അദാലത് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങന്നൂർ: സാമ്പത്തിക ഇടപാടുകൾ മാത്രമല്ല, ഭരണപരമായ തീരുമാനങ്ങളും വൈകുന്നത് അഴിമതിയായിത്തന്നെ കണക്കാക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. അദാലത്തുകൾ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്. പരാതിക്കാർക്ക് തന്റെ ഭാഗം വീണ്ടും പറയാൻ അവസരം ലഭിക്കുന്നു.
‘കരുതലും കൈത്താങ്ങും’ ചെങ്ങന്നൂർ താലൂക്ക് അദാലത് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിനും ചട്ടത്തിനും അകത്തുനിന്ന് ജനങ്ങളെ സഹായിക്കാനുള്ള ശ്രമമാണ് അദാലത്തുകൾ. സർക്കാർ ഓഫിസുകൾ അദാലത്തിലെ തീരുമാനങ്ങളുടെ രീതി തുടർന്ന് പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടർ അലക്സ് വര്‍ഗീസ്, നഗരസഭ ചെയർപേഴ്സൻ ശോഭ വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, നഗരസഭ കൗൺസിലർ വി. വിജി, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി. എ.ഡി.എം ആശ സി. എബ്രഹാം, ആർ.ഡി.ഒ ജെ. മോബി, ചെങ്ങന്നൂർ തഹസിൽദാർ അശ്വനി അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ 15 പേർക്ക് മുൻഗണനറേഷൻ കാർഡുകളും കരം അടക്കാൻ കഴിയാതിരുന്ന എട്ടുപേര്‍ക്ക് കരം അടവ് രസീതുകളും വിതരണം ചെയ്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അഞ്ച് പരാതിയിൽ നികുതിയിളവുകൾക്കുള്ള ഉത്തരവും ഗുണഭോക്താക്കൾക്ക് അദ്യം തന്നെ കൈമാറി. ഇതിനുശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത് ആരംഭിച്ചു. പുതിയ അപേക്ഷകള്‍ സ്വീകരിക്കാൻ അദാലത് വേദിയില്‍ കൗണ്ടറുകൾ ഒരുക്കിയിരുന്നു. അദാലത്തിന് എത്തുന്നവര്‍ക്കായി അന്വേഷണ കൗണ്ടറുകള്‍, കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. ഹരിതചട്ടം പാലിച്ചാണ് അദാലത് നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.