രൂപകൽപ്പനയിൽ പിഴവ്; തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പുലിമുട്ട് നിർമാണം നിലച്ചു
text_fieldsആറാട്ടുപുഴ: തീരദേശത്ത് സമയബന്ധിതമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച പുലിമുട്ട് നിർമാണം മുടങ്ങി. കടലാക്രമണം ചെറുക്കുന്നതിന് ടെട്രാപോഡ് ഉപയോഗപ്പെടുത്തി ആറാട്ടുപുഴയുടെയും തൃക്കുന്നപ്പുഴയുടെ തീരങ്ങളിൽ ആരംഭിച്ച പുലിമുട്ട് നിര്‍മാണമാണ് പലയിടത്തും നിലച്ചത്. ആറാട്ടുപുഴ ഭാഗത്ത് നിർമാണം പകുതിയിലേറെ പൂർത്തിയായിരുന്നു. രൂപകൽപ്പനയിൽ ഉണ്ടായ പിഴവാണ് നിർമാണം മുടങ്ങാൻ കാരണമായി അധികൃതർ പറയുന്നത്.
നിർമാണം അടുത്തയാഴ്ച പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര പ്രദേശത്ത് ടെട്രാപോഡ് നിരത്തി രണ്ടര വര്‍ഷംമുമ്പ് തുടങ്ങിയ പുലിമുട്ട് നിര്‍മാണം നിലച്ചിട്ട് മാസങ്ങളായി. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരത്ത് പുലിമുട്ട് നിര്‍മിക്കുന്നത്.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയില്‍ 1.5 കിലോ മീറ്റര്‍ വിസ്തൃതിക്കകത്ത് 13 പുലിമുട്ടും (17.33 കോടി) ആറാട്ടുപുഴ ബസ്സ്റ്റാൻഡ് ഭാഗം കേന്ദ്രീകരിച്ച് 1.4 കിലോ മീറ്റര്‍ വിസ്തൃതിക്കുള്ളില് 21 പുലി മുട്ടുകളും (22.29 കോടി) വട്ടച്ചാലില്‍ 1.8 കിലോമീറ്റര്‍ നീളത്തില്‍ 16 പുലിമുട്ടുകളുമാണ് (25 കോടി) നിര്‍മാണത്തിലുള്ളത്. കരാര്‍ നടപടികള്‍ പൂര്‍ത്തിയായശേഷം കരിങ്കല്ലിന്റെ ക്ഷാമം മൂലം നിർമാണം വൈകിയിരുന്നു. ആറാട്ടുപുഴ ബസ്സ്റ്റാൻഡ് മുതൽ കള്ളിക്കാട് എ.കെ.ജി നഗർ വരെ ഭാഗത്തെ വേഗത്തിൽ നടന്ന 21 പുലിമുട്ടുകളുടെ നിർമാണവും മന്ദഗതിയിലാണ്.
കടലിലേക്ക് കരിങ്കൽചിറ നിർമിച്ചെങ്കിലും മുകളിൽ ടെട്രാപോഡ് അടുക്കുന്ന പണി മുടങ്ങി. വട്ടച്ചാൽ, കള്ളിക്കാട് ഭാഗങ്ങളിലും നിർമാണം നിലച്ചു കിടക്കുകയാണ്.അടുത്തയാഴ്ച മുതൽ നിർമാണം പുനരാരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അടിക്കടിയുണ്ടാകുന്ന കടലാക്രമണത്തിന്റെ ദുരിതം പേറുന്ന തീരവാസികള്‍ പ്രതീക്ഷയോടെയാണ് ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള പുലിമുട്ട് നിര്‍മാണത്തെ കാണുന്നത്. പുലിമുട്ട് നിര്‍മാണം നടന്ന പ്രദേശങ്ങളിൽ പിന്നീടുണ്ടായ കടലാക്രമണം കാര്യമായി ബാധിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

