നെല്ലിന് ഈർപ്പത്തിന്റെ പേരിൽ കിഴിവ്; തർക്കം തുടരുന്നു; കലക്ടർ ഇടപെടണമെന്ന് ആവശ്യം
text_fieldsആലപ്പുഴ: കൊടും വേനലായിട്ടും നെല്ലിന് ഈർപ്പമുണ്ടെന്ന് പറഞ്ഞ് മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നതും അനുവദിക്കില്ലെന്ന് കർഷകരും നിലപാടെടുത്തതോടെ ഉണ്ടായ തർക്കം തുടരുന്നു.
ചുട്ടുപൊള്ളുന്ന വേനലായിട്ടും ഇപ്പോൾ ക്വിന്റലിന് രണ്ടു മുതൽ അഞ്ച് കിലോവരെ കിഴിവ് ആവശ്യപ്പെടുന്നുവെന്നാണ് കർഷകരുടെ പരാതി. അതേസമയം, ചൂട് മൂലം നെല്ലിന് സാധാരണയിലും തൂക്കം കുറയുന്നതും കർഷകർക്ക് നഷ്ടം വരുത്തുന്നു. ശക്തമായ വേനലിൽപോലും ഈർപ്പത്തിന്റെ പേരിൽ നെല്ലിന് കിഴിവ് വേണമെന്ന മില്ല് ഉടമകളുടെ പിടിവാശിക്ക് വിധേയപ്പെട്ട് കൃഷിക്കാർ നെല്ല് നൽകേണ്ട സാഹചര്യം ഒഴിവാക്കാൻ കലക്ടർ ഇടപെടണമെന്ന ആവശ്യവുമുയരുന്നു.
തർക്കം രൂക്ഷമായതോടെ നെല്ല് പലയിടത്തും മില്ലുകാർക്ക് നൽകാതെ കൂട്ടിയിട്ടിരിക്കുകയാണ്. അതേസമയം, വേനൽമഴ എത്തിയാൽ നെല്ലിൽ വെള്ളം കയറുമെന്ന ആശങ്കയുമുണ്ട്. ഒരുകിലോ നെല്ല് കിഴിവ് നൽകാമെന്ന് കർഷകർ പറയുന്നു. മൂന്നുകിലോ അനുവദിക്കില്ലെന്നും ഒന്നരക്കിലോ കിഴിവ് നൽകാമെന്നും ചൊവ്വാഴ്ച ചില കർഷകർ മില്ലുകാരെ അറിയിച്ചിട്ടുണ്ട്.
കൊടുംചൂടിലും നെല്ലിന് ഉണക്കില്ലെന്ന വാദമാണ് ഏജന്റുമാർ ഉയർത്തുന്നത്. നെന്മണിയുടെ തൂക്കക്കുറവിൽ കരിനങ്ക്, പതിര്, അരനെല്ല് എന്നിവയുടെ പേരിലാണ് കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നത്. വേനൽക്കാലത്ത് വിളവെടുക്കുന്ന നെല്ലിന് അനുവദനീയമായതിൽ താഴെയാണ് ജലാംശം ഉണ്ടാവുക. ഇത്തവണ സാധാരണയിലും ഏഴ് ശതമാനംവരെ തൂക്കം കുറവ് ഉണ്ട്. അതിനു പുറമെ വീണ്ടും തൂക്കത്തിൽ കിഴിവ് വേണമെന്ന മില്ലുകാരുടെ ആവശ്യമാണ് കർഷകരെ ചൊടിപ്പിച്ചത്.
മഴ കുറഞ്ഞതും ചൂട് കൂടിയതും നെല്ലിന്റെ വിളവിനെ ബാധിച്ചു. സാധാരണ വിളവെത്താറാകുമ്പോൾ ഇടമഴ ലഭിക്കാറുണ്ട്. 23 മുതൽ 25 ഡിഗ്രി വരെ ചൂടാണ് നെൽച്ചെടികൾക്ക് താങ്ങാനാവുന്നത്.
ഇപ്പോൾ പ്രതിദിനം 35-38 ഡിഗ്രി ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉണക്ക് ഇനിയും കൂടിയാൽ വിളവിൽ കാര്യമായ കുറവുണ്ടാകുമെന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു.
പരാതി പരിഗണിച്ച് എത്രയും വേഗം സംഭരണം പൂർത്തിയാക്കാൻ ജില്ല പാഡി ഓഫിസറുമായി കർഷകർ ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കലക്ടർ ഇടപെടണമെന്ന് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

