ഭിന്നശേഷി കേന്ദ്രം അടച്ചുപൂട്ടാൻ തീരുമാനം
text_fieldsആലപ്പുഴ: സാമൂഹിക നീതിവകുപ്പിന് കീഴിൽ നഗരസഭയുടെ മേല്‍നോട്ടത്തിൽ പ്രവർത്തിച്ച് വരുന്ന ശിശുഭിന്നശേഷി കേന്ദ്രം അടച്ചുപൂട്ടാൻ നീക്കങ്ങളുമായി വകുപ്പ് അധികൃതർ. കേന്ദ്രത്തിലെ കുട്ടികൾ അവധിക്കാലത്ത് വീടുകളിൽ പോയിരിക്കുന്ന സമയത്ത് ധൃതി പിടിച്ച തീരുമാനവുമായാണ് വകുപ്പ് നീങ്ങുന്നത്. ഇപ്പോൾ സ്ഥാപനത്തിൽ ഒരു കുട്ടി മാത്രമാണുള്ളത്. തമിഴ്നാട്ടുകാരനായ കുട്ടിയെ സി.ഡബ്ലു.സിയിൽ ഹാജരാക്കി സ്വന്തം സംസ്ഥാനത്തിന് കൈമാറും. ഇവിടെ നിന്ന് പഠിച്ച വിദ്യാര്‍ഥികളോട് ഇനി വരണ്ടെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഭിന്നശേഷിയുള്ള കുട്ടികൾ മാതാ പിതാക്കളുടെ സ്നേഹത്തണലിൽ കഴിയണമെന്നതാണ് സര്‍ക്കാര്‍ നയം. ഇവരെ സംരക്ഷിക്കുന്നതിന് സർക്കാർ 2000 രൂപ വീതം നൽകും. സംസ്ഥാനത്ത് ആകെ നാല് ഭിന്നശേഷി കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്നും പൂട്ടി. ആലപ്പുഴയിലേതും പൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ കഴിഞ്ഞ ദിവസം ധൃതിപിടിച്ച് സ്ഥാപനത്തിന്റെ മാനേജിങ് കമ്മിറ്റി വിളിച്ച് ജില്ല സാമൂഹ്യ നീതിവകുപ്പ് ഓഫീസർ അബിനാണ് സർക്കാർ തീരുമാനം യോഗത്തിൽ റിപ്പോർട്ട് ചെയ്തത്.
18 വയസ്സിന് മുകളിലുള്ളവർക്കുള്ള കേന്ദ്രം കോഴിക്കോട് പ്രവർത്തിച്ച് വരുന്നു. സ്ഥാപനം പൂട്ടുന്നതോടെ നിലവിലുള്ള ജീവനക്കാരെ സാമൂഹ്യ നീതിവകുപ്പിലേക്ക് മടക്കിയേക്കും. വർഷങ്ങളായി ജോലി നോക്കുന്ന താൽകാലിക ജീവനക്കാർ വഴിയാധാരമാകും. 50 വർഷം മുമ്പ് ആരംഭിച്ച കേന്ദ്രം വിവിധസ്ഥലങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ച് വരവെ നഗരസഭ സ്ഥലത്ത് കെട്ടിടം വെച്ച് പ്രവർത്തിച്ച് വരികയായിരുന്നു. വിസ നഷ്ടപ്പെട്ടതും സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാത്തവരുമായ വിദേശികളെ താമസിപ്പിക്കാൻ ഈ കെട്ടിടം ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

