Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശിച്ച ഭൂമിയിലെ വഞ്ചിതർ: ഒറ്റവഴി, പുനരധിവാസം മാത്രം

text_fields
bookmark_border
ആശിച്ച ഭൂമിയിലെ വഞ്ചിതർ: ഒറ്റവഴി, പുനരധിവാസം മാത്രം
cancel
camera_alt

ക​രി​ക്കാ​ട്​ കോ​ള​നി​യി​ലെ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ലൊ​ന്ന്

തകരം കൊണ്ട് മറച്ച, പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളിലായിരുന്നു ബിപിന എന്ന പെൺകുട്ടിക്ക് പ്രസവശേഷം കുഞ്ഞുമായി കഴിയേണ്ടിവന്നത്. മഴയും കാറ്റും കുടിലിനെ വിറപ്പിക്കുന്ന രാത്രികളിൽ കുഞ്ഞിനെ പൊത്തിപ്പിടിച്ച് അവർ നിലവിളിച്ചിട്ടുണ്ട്. ഒരു ദിവസം കുടിലിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. അതോടെ ഗത്യന്തരമില്ലാതെ തങ്ങളുടെ വാഗ്ദത്ത ഭൂമി വിട്ട് വാടകവീട്ടിലേക്ക് മാറേണ്ടിവന്നു. ഇങ്ങനെ സ്വന്തം പേരിൽ ചാർത്തിക്കിട്ടിയ മണ്ണ് വിട്ട് വാടക വീട്ടിലേക്ക് മാറിയവരാണ് ഏറെയും. അതിനു പോലും കഴിയാത്ത നാലഞ്ചു കുടുംബങ്ങൾ ഇപ്പോഴും കാറ്റും മഴയും വെയിലും വഞ്ചനയുടെ ഇരുട്ടടിയുമേറ്റ് ഈ കാട്ടിൽ കഴിയുന്നു. ഷീലയും രമ്യയും ആശയും മറ്റു ചിലരും മാത്രമേ ഇപ്പോൾ ഇവിടെ താമസിക്കുന്നുള്ളു. മറ്റുള്ളവർ പുറത്ത് വാടക വീടുകളിലേക്ക് മാറിക്കഴിഞ്ഞു.

‘ആശിക്കും ഭൂമി ആദിവാസികൾക്ക്’ പദ്ധതി പ്രകാരം 10 ആദിവാസികൾക്ക് 25 സെന്‍റ് സ്ഥലം വീതം നൽകിയെന്നാണ് കരിക്കാട് കോളനിവാസികൾ പറയുന്നത്. എന്നാൽ, 13 പേർക്ക് സ്ഥലം നൽകിയിട്ടുണ്ട് എന്നാണ് ആലപ്പുഴ ജില്ല ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ നിന്നും അറിയിച്ചത്. 10 പേർക്ക് 25 സെന്‍റ് സ്ഥലം വീതവും മൂന്നു പേർക്ക് 23 സെന്‍റ് സ്ഥലം വീതവും നൽകിയത്രെ. വാസയോഗ്യമല്ലാത്ത ഭൂമിയാണ് ആദിവാസിക്ക് നൽകിയെങ്കിലും അവിടെ വീടുവെയ്ക്കാൻ നയാ പൈസ പോലും കൊടുത്തിട്ടില്ലെന്ന് കോളനിവാസികൾ പറയുന്നു. ചതുപ്പ് സ്ഥലമായതിനാൽ വീട് നിർമാണത്തിന് ഭാരിച്ച ചെലവുണ്ടാകും. അതിനാൽ, തകരവും ഷീറ്റും കൊണ്ട് താൽക്കാലിക കുടിലുകൾ കെട്ടാനേ ഇവർക്ക് ശേഷിയുള്ളൂ.

ബിപിന പ്രസവിച്ചുകിടന്ന വീട് കാറ്റിലും മഴയിലും തകർന്ന നിലയിൽ

പ്രതിഷേധം, പ്രലോഭനം

തങ്ങളുടെ ഗതികെട്ട ജീവിതത്തിനു നേരേ തിരിഞ്ഞുനോക്കാൻ പോലും രാഷ്ട്രീയക്കാരോ ഭരണകൂടമോ പഞ്ചായത്തധികൃതരോ തയാറാകാതെ വന്നതോടെ ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തിൽ കോളനിവാസികൾ പ്രതിഷേധിക്കാൻ തുടങ്ങി. അതിന്‍റെ ഭാഗാമയി കോളനിയിലെത്തിയ ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചിത്ര നിലമ്പൂർ പറഞ്ഞത്, നിലമ്പൂർ കാട്ടിലെ ആദിവാസികളെക്കാൾ കഷ്ടമാണ് കരിക്കാട് കോളനിയിലെ മനുഷ്യരുടെ ജീവിതമെന്നാണ്. പ്രതിഷേധ ശബ്ദം ഉയർന്ന സാഹചര്യത്തിൽ പണ്ട് ഭൂമി വാങ്ങി കൊടുത്ത എക്സ്റ്റൻഷൻ ഓഫിസർ ആർ. അനൂപ് വിളിച്ചെന്നും ചതുപ്പ് നികത്തി വീടുവെച്ചുതരാമെന്നും പറഞ്ഞതായി കോളനി നിവാസികൾ അറിയിക്കുന്നു.

എന്നാൽ, സ്വന്തമായി ചതുപ്പ് നികത്താൻ അധികൃതർ അനുവാദം നൽകുന്നില്ലെന്നതാണ് ഈ മനുഷ്യരുടെ അനുഭവം. ആലപ്പുഴ ജില്ലയിലാണെങ്കിലും കൊല്ലം ജില്ലയിലെ പുനലൂർ ട്രൈബൽ ഓഫിസിന്‍റെ പരിധിയിലാണ് തണ്ണീർമുക്കത്തെ ആദിവാസികളും ഉൾപ്പെടുന്നത്. കോളനിവാസികളുടെ പ്രതിഷേധ സ്വരം കടുത്തപ്പോൾ ട്രൈബൽ വകുപ്പ് അന്വേഷണത്തിന് ആലപ്പുഴ ജില്ലാ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ അനന്തുവിനെയും കൊല്ലം ജില്ല ട്രൈബൽ ഓഫിസർ (ഡി.ടി.ഒ) രാഘവനെയും ചുമതലപ്പെടുത്തി. അവർ കോളനിയിൽ നടത്തിയ അന്വേഷണത്തിനു ശേഷം ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ കരിക്കാട് കോളനി വാസയേഗ്യമല്ലെന്നും ഇവിടുത്തെ അന്തേവാസികളെ പുനരധിവസിപ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാസയോഗ്യവും കൃഷി ചെയ്യാൻ പറ്റുന്നതുമായ സ്ഥലവും അടച്ചുറപ്പുള്ള വീടും നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

പക്ഷേ, പദ്ധതി തന്നെ നിലച്ചുപോയ സാഹചര്യത്തിൽ പകരം ഭൂമി കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ആദിവാസി ക്ഷേമവകുപ്പുദ്യോഗസ്ഥർ തന്നെ പറയുന്നു. അതുകൊണ്ട് സമരമല്ലാതെ മറ്റൊരു മാർഗവും തങ്ങൾക്കു മുന്നിലില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് കോളനിവാസികൾ നിൽക്കുന്നത്. നവംബർ 25ന് പുനലൂരിലെ ട്രൈബൽ ഓഫിസിനു മുന്നിലും സെക്രട്ടറിയറ്റിനു മുന്നിലും ആദിവാസികൾ സമരവുമായി എത്തുമെന്ന് ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചിത്ര നിലമ്പൂർ പറഞ്ഞു. തുല്യതയില്ലാത്ത ചതിക്ക് ഇരകളായവരാണ് കരിക്കാട് കോളനിയിലെ ആദിവാസികൾ. വോട്ടുബാങ്കല്ലാത്തതിനാൽ അവർക്കു വേണ്ടി ശബ്ദിക്കാൻ പോലും ആരുമില്ല. ആരും തിരിഞ്ഞുനോക്കാനില്ലാത്ത മനുഷ്യരായി കാലം അവരെ അടയാളപ്പെടുത്തുന്നു.

ഓഡിറ്റിലും കുറ്റവാളി

കരിക്കാട് കോളനിയിലെ ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകി എന്നു പറയപ്പെടുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ആർ. അനൂപ് രണ്ട് തവണയായി നാല് വർഷത്തിലേറെ ആലപ്പുഴയിൽ എക്സ്റ്റൻഷൻ ഓഫിസറായിരുന്നത്. ഇപ്പോൾ ചാലക്കുടിയിൽ ജോലി ചെയ്യുന്ന അനൂപ് കരിക്കാട് ഭൂമിയിടപാട് അടക്കമുള്ള കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. ഇതേ തുടർന്ന് അനൂപിന്‍റെ പ്രമോഷനും തടഞ്ഞുവെച്ചിരിക്കുകയാണ്.

ഇദ്ദേഹം ആലപ്പുഴയിൽ ടി.ഇ.ഒ ആയിരുന്ന കാലത്ത് നടത്തിയ ക്രമക്കേടുകളെക്കുറിച്ച് പട്ടിക വർഗ വികസന വകുപ്പ് 2025 ജൂലൈ ഏഴിന് പുറപ്പെടുവിച്ച ജി2-18100/2016 ഉത്തരവ് പ്രകാരം ആറ് ദിവസം ഓഡിറ്റ് നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് അടക്കം ഗുരുതര സ്വഭാവമുള്ള നിരവധി ക്രമക്കേടുകൾ ഇതിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

(അവസാനിച്ചു)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deceived in the Promised Land: The only way out is rehabilitation
Next Story