മകളുടെ മരണം: നീതിക്കായി അന്ധദമ്പതികളുടെ നിരാഹാര സത്യഗ്രഹം
text_fieldsമകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരസത്യഗ്രഹം നടത്തുന്ന ജയരാജും ഷീലയും
ആലപ്പുഴ: മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പുതുവർഷത്തിൽ ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ അന്ധദമ്പതികളുടെ നിരാഹാരസത്യഗ്രഹം. കലവൂർ തകിടിവെളിയിൽ ബി.ബി. ജയരാജ് (58), ഭാര്യ ഷീല (54) എന്നിവരാണ് നീതിക്കായി പോരാടുന്നത്.
വ്യാഴാഴ്ച രാവിലെ 9.30 മുതൽ കലക്ടറേറ്റിന്റെ പ്രധാനഗേറ്റിന് മുന്നിൽ കടുത്ത വെയിലിനെ അവഗണിച്ചായിരുന്നു സമരം. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കലക്ടർക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ ഡിസംബർ 31നകം തീരുമാനമുണ്ടായില്ലെങ്കിൽ സൂചന സമരം നടത്തുമെന്ന് പറഞ്ഞാണ് അന്ന് ദമ്പതികൾ മടങ്ങിയത്. ഇതിന് പിന്നാലെയാണ് സൂചനാസമരം നടത്തിയത്.
ഇവരുടെ ഇളയമകൾ രേഷ്മയെ 2025 സെപ്റ്റംബർ 27ന് തത്തംപള്ളിയിലെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമ്പോൾ കവിളിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. ഫാനിൽ ഷാളിന്റെ ഒരറ്റം കുരുക്കിട്ട് നിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. മകളുടെ പൊക്കമനുസരിച്ച് കട്ടിലിൽനിന്ന് ഷാൾ ഫാനിൽ കെട്ടാനാവില്ല. എന്നാൽ, മുഖത്ത് അടിയേറ്റ പാട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.
വിവാഹശേഷം ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായി രേഷ്മ കൂട്ടുകാരിയോട് പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് ആലപ്പുഴ നോർത്ത് പൊലീസിലും ഡിവൈ.എസ്.പിയോടും പരാതിപ്പെട്ടിട്ടും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രതികൾ എവിടെയുണ്ടെന്ന് വിവരം നൽകിയാൽ അറസ്റ്റ് ചെയ്യാമെന്നാണ് പൊലീസ് പറയുന്നത്.
രേഷ്മയുടെ പിതാവിന് ഭാഗികമായ കാഴ്ചയാണുള്ളത്. മാതാവിന് പൂർണമായും കാഴ്ചയില്ല. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ വിവിധസംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ അനിശ്ചിതകാല നിരാഹാരസമരം നടത്താനാണ് ദമ്പതികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

