ഏകമകൾ സാക്ഷി; വേർപിരിഞ്ഞ ദമ്പതികൾ 14 വർഷത്തിനുശേഷം ഒന്നിച്ചു
text_fieldsമകൾ സാക്ഷി; ഇനി ഒന്നിക്കാം...
ആലപ്പുഴ കുടുംബകോടതിക്ക് മുന്നിൽ മകളുടെ സാന്നിധ്യ
ത്തിൽ 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഒന്നിച്ച സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും പരസ്പരം മധുരം നൽകുന്നു
ആലപ്പുഴ: 14 വർഷംമുമ്പ് വിവാഹമോചനം നേടിയ ദമ്പതികൾ മകളുടെ സാന്നിധ്യത്തിൽ വീണ്ടും ഒന്നിച്ചു. ഏകമകളുടെ ജീവിതസുരക്ഷ കണക്കിലെടുത്ത് ഒത്തുതീർപ്പിന് വഴങ്ങിയ ഇരുവരും ആലപ്പുഴ കുടുംബക്കോടതി വളപ്പിൽ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ഒന്നിച്ചത്. ആലപ്പുഴ കളർകോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിലെ ഓഫിസ് അസിസ്റ്റന്റുമായിരുന്ന സുബ്രഹ്മണ്യനും (58), കുതിരപ്പന്തി രാധാനിവാസിൽ കൃഷ്ണകുമാരിയുമാണ് (49) പരിഭവങ്ങൾ മറന്ന് ഒത്തുചേർന്നത്.
കോടതിക്ക് പുറത്തേക്ക് എത്തിയപ്പോൾ മധുരം പങ്കിട്ട പുനഃസമാഗമത്തിന് സാക്ഷിയായത് എസ്.എസ്.എൽ.സിക്ക് എ പ്ലസടക്കം മികച്ച വിജയംനേടിയ മകൾ അഹല്യ എസ്. നായരും. പുനർവിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചായിരുന്നു മടക്കം. കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന് സമീപത്തെ വാടകവീട്ടിലാകും ഇനിയുള്ള താമസം.
2006 ആഗസ്റ്റ് 31നായിരുന്നു ഇരുവരുടെയും വിവാഹം. 2008ൽ പെൺകുട്ടി ജനിച്ചു. നിസ്സാര പ്രശ്നത്തിൽ വഴക്കിട്ട ഇരുവരും അകന്നുജീവിക്കാൻ തുടങ്ങിയതോടെ കേസ് കോടതിയിലെത്തി.
2010 മാർച്ച് 29ന് നിയമപരമായി വിവാഹബന്ധം വേർപെടുത്തി. വാടയ്ക്കൽ അംഗൻവാടിയിലെ ഹെൽപറായ കൃഷ്ണകുമാരിക്ക് ഒന്നരലക്ഷം രൂപയും സ്വർണാഭരണം അടക്കമുള്ള സാമ്പത്തികബാധ്യതയും തിരിച്ചുനൽകിയാണ് വിവാഹമോചനം നേടിയത്. മകളുടെ ചെലവിനായി ജീവനാംശം കിട്ടണമെന്ന് കാണിച്ച് 2020ൽ ആലപ്പുഴ കുടുംബകോടതിയിൽ ഹരജി നൽകി. സുപ്രീംകോടതിയുടെ വിധി പരിശോധിച്ച കോടതി പ്രതിമാസം 2000 രൂപവീതം നൽകാൻ വിധിച്ചു.
ഇതിനെതിരെ സുബ്രഹ്മണ്യൻ ഹൈകോടതിയിൽ അപ്പീൽ നൽകി. ഇത് തള്ളിയ കോടതി പ്രശ്നം രമ്യമായി പരിഹരിക്കാനും നിർദേശിച്ചു. കേസ് വീണ്ടും കുടുംബകോടതി ജഡ്ജി വിദ്യാധരന്റെ ചേംബറിൽ എത്തിയതോടെയാണ് ഇരുവരുടെയും മനസ്സ് മാറിയത്. കുട്ടിയുടെ സംരക്ഷണം കണക്കിലെടുത്ത് ഒരുമിച്ച് താമസിക്കാനുള്ള നിർദേശം അംഗീകരിക്കുകയായിരുന്നു.
കോടതിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ മധുരം നുകർന്നാണ് സന്തോഷം പങ്കിട്ടത്. സുബ്രഹ്മണ്യനുവേണ്ടി അഭിഭാഷകരായ ആർ. രാജേന്ദ്രപ്രസാദ്, എസ്. വിമി, ജി. സുനിത എന്നിവരും കൃഷ്ണകുമാരിക്കുവേണ്ടി അഡ്വ. സൂരജ് ആർ. മൈനാഗപ്പള്ളിയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

