കാലവർഷം; ജില്ലയിൽ 390 വീടുകൾ തകർന്നു; ജില്ലയിൽ പരക്കെ നാശനഷ്ടം
text_fieldsആലപ്പുഴ സെന്റ്. ജോസഫ് സ്കൂളിന് സമീപം റോഡിന് കുറുകെ വീണ മരം മുറിച്ചുമാറ്റുന്ന അഗ്നിരക്ഷാസേന
ആലപ്പുഴ: കാലവർഷത്തിലെ കനത്ത മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ ജില്ലയിൽ കനത്തനാശം. ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കനത്തമഴയിൽ വെള്ളക്കെട്ട് രൂക്ഷമായ അമ്പലപ്പുഴ താലൂക്കിലെ കരുമാടിയിൽ നാല് കുടുംബങ്ങളിലെ 18 പേരെയാണ് മാറ്റി പാർപ്പിച്ചത്. ഇവർക്കായി കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. മഴ കനത്താൽ കുടുതൽ സ്ഥലങ്ങളിൽ ക്യാമ്പ് തുറക്കേണ്ട സാഹചര്യമുണ്ട്. തീരദേശത്ത് കടലാക്രമണവും രൂക്ഷമാണ്. മരം വീണാണ് ഏറെയും വീടുകൾ തകർന്നത്.
ജില്ലയിൽ ഇതുവരെ 390 വീടുകളാണ് തകർന്നത്. ഇതിൽ 10 എണ്ണം പൂർണമായും നിലംപൊത്തി. അമ്പലപ്പുഴ-അഞ്ച്, ചേർത്തല-ഒന്ന്, കുട്ടനാട്-ഒന്ന്, കാർത്തികപ്പള്ളി-ഒന്ന്, ചെങ്ങന്നൂർ-രണ്ട് എന്നിങ്ങനെയാണ് പൂർണമായും വീടുകൾ തകർന്നത്. 380 വീടുകളാണ് ഭാഗികമായി തകർന്നത്. ഇതിൽ ഏറ്റവും കൂടുതൽ നാശം നേരിട്ടത് അമ്പലപ്പുഴ താലൂക്കിലാണ്. ഇവിടെ മാത്രം 144 വീടുകൾ ഭാഗിക നാശം നേരിട്ടു. ചേർത്തല-101, കുട്ടനാട്-63, കാർത്തികപ്പള്ളി-15, മാവേലിക്കര-13, ചെങ്ങന്നൂർ-44 എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം.
പുറക്കാട്, വളഞ്ഞവഴി, ചേർത്തല, പള്ളിത്തോട്, ഒറ്റമശേരി എന്നിവിടങ്ങളിൽ താമസിക്കുന്നവർ കടലാക്രമണ ഭീതിയിലാണ്. കനത്ത കാറ്റിൽ നിരവധിയിടങ്ങളിൽ റോഡിലേക്കും വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരം വീഴുകയും പോസ്റ്റുകൾ തകരുകയും ചെയ്തു. ഇതിന്റെ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നു. വെള്ളം കടലിലേക്ക് ഒഴുക്കാൻ തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. നിലവിൽ ജലം സ്പിൽവേയുടെ നിശ്ചിതയളവിൽനിന്ന് ഉയർന്നിട്ടില്ല.
ഉയർന്നാൽ പൊഴി മുറിക്കാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ സജ്ജമാണ്. നദികളിലും ആറുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. കിടങ്ങറ-മുട്ടാർ റോഡിൽ വെള്ളം കയറിത്തുടങ്ങി. ചെങ്ങന്നൂർ താലൂക്കിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. പമ്പ, മണിമലയാർ, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ആലപ്പുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി എട്ടിടത്ത് മരംവീണ് ഗതാഗത തടസ്സമുണ്ടായി. ചൊവ്വാഴ്ച പുലർച്ച 6.30ന് കനത്ത കാറ്റിൽ പള്ളാത്തുരുത്തിയിലാണ് റോഡിന് കുറുകെ മരം വീണത്. രാവിലെ 9.30ന് പടിപ്പുര റിസോർട്ടിന് സമീപവും 9.40ന് ആര്യാട് പഞ്ചായത്ത് 17ാംവാർഡ് തുമ്പോളി റോഡിന് കുറുകെയും മരംവീണ് ഗതാഗതം മുടങ്ങി.
അഗ്നിരക്ഷാസേനയെത്തിയാണ് മരംമുറിച്ചു മാറ്റിയത്. ആലപ്പുഴ പോപ്പി പാലത്തിന് സമീപം മൂന്ന് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് മരംവീണ് വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു. രാവിലെ 10നായിരുന്നു സംഭവം. ആലപ്പുഴ വാട്ടർ അതോറിറ്റിയുടെ വൈദ്യുതി ലൈൻ പോകുന്ന കേബിളിൽ മരംവീണ് പമ്പിങ് തടസ്സപ്പെട്ടു. ചന്ദനക്കാവ് വാട്ടർ അതോറിറ്റിയുടെ സ്ഥലത്തുനിന്ന മരം അടുത്ത വീട്ടിലെ കാർപോർച്ചിലേക്ക് ചാഞ്ഞു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ശിഖിരങ്ങൾ മുറിച്ചുമാറ്റി. ഉച്ചക്ക് 1.20ന് സെന്റ് ജോസഫ്സ് സ്കൂളിന് സമീപം മരംവീണ് സ്കൂട്ടർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വഴിയോരത്ത് നിന്ന തണൽമരം സ്കൂട്ടറിന്റെ മുൻവശത്താണ് പതിച്ചത്. ഇതിന് പിന്നാലെ വെള്ളക്കിണർ അമ്പലത്തിന് സമീപം അപകടകരമായ നിലയിൽ നിന്ന തണൽമരം അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി.
മരം വീണ് തട്ടുകട തകർന്നു
ചാരുംമൂട്: തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് തട്ടുകട തകർന്നു. താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിനു സമീപമുള്ള വാലുതറയിൽ തുളസിയുടെ തട്ടുകടയാണ് തകർന്നത്. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. തുളസിയുടെ ജീവിതോപാധിയായ തട്ടുകടയിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്.
അമ്പലപ്പുഴയില്‍ കലിയടങ്ങാതെ കടൽ
അമ്പലപ്പുഴ: പുന്നപ്ര ചള്ളി തീരത്ത് കടൽ കയറ്റം ശക്തം. ഫിഷ്ലാന്റിലേക്കും കുറ്റൻ തിരമാലകൾ ഇരച്ചുകയറുകയാണ്. ഫിഷ്ലാന്റില്‍ നിന്നും നൂറ് മീറ്ററോളം തിരം കടല്‍ കവര്‍ന്നു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പായി എത്തിയ കൂറ്റന്‍ തിരമാലകള്‍ തീരം കവര്‍ന്നെടുക്കുന്നത് തീരവാസികളെ ആങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാലവര്‍ഷത്തിന് മുമ്പായി പ്രകൃതിക്ഷോഭം ഇത്രയധികം ശക്തിപ്രാപിക്കുന്നത് ആദ്യമാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
സാധാരണ കാലവര്‍ഷം ശക്തിപ്രാപിച്ചതിനു ശേഷമാണ് കടല്‍ ശക്തമാകുന്നത്. ഇത്തവണ നേരത്തെ ആയത് ട്രോളിങ് കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷക്ക് വകയാകാമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
വണ്ടാനം മാധവൻ മുക്കിലും കടൽ ഭിത്തിയും കടന്ന് കൂറ്റൻ തിരമാലകൾ ഇരച്ചു കയറുന്നത് പ്രദേശവാസികളെ പരിഭ്രാന്തിയാലാഴ്ത്തി. പൂമീൻ പൊഴിക്കു സമീപമുള്ള പുലിമുട്ടിൽ തട്ടിൽ വരുന്ന കൂറ്റൻ തിരമാലകൾ ചള്ളി ഫിഷ് ലാന്റിനുള്ളിൽ വരെ കയറി. പുന്നപ്രവിയാനി, നർബോന, ഗലീലയ, അറപ്പപൊഴി തീരമാകെ കടൽ കയറ്റം ശക്തമാണ്. അതേസമയം കപ്പലിൽ നിന്ന് വേർപെട്ട കണ്ടെയ്നർ അടിയാൻ സാധ്യതയുള്ളതിനാൽ പുന്നപ്ര ഫിഷ് ലാന്റ് സെന്റർ അടക്കം പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തീരത്ത് അടിയുന്ന കണ്ടെയ്നർ, അപൂർവ വസ്തുക്കൾ എന്നിവ കണ്ടാൽ 200 മീറ്ററോളം അകലം പാലിക്കണമെന്ന ജാഗ്രത നിർദേശവും തീരദേശ വാസികൾക്ക് നൽകിയിട്ടുണ്ട്.
കണ്ടെയ്നർ മാറ്റുന്നതിനിടെ ഡ്രൈവർക്ക് പരിക്ക്
ആലപ്പുഴ: ആറാട്ടുപുഴയിൽ കണ്ടെയ്നർ കരക്കെത്തിക്കുന്നതിനിടെ ട്രെയിലർ ഡ്രൈവർക്ക് പരിക്ക്. എറണാകുളം ആലുവ സ്വദേശി ബഷീറിനാണ് (45) പരിക്കേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പഞ്ഞിക്കെട്ടുമായി ആറാട്ടുപുഴ തീരത്തടിഞ്ഞ കണ്ടെയ്നർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

