പുഞ്ചകൃഷിക്ക് വില്ലനായി ഓരുവെള്ളം; പരിഹരിക്കാന്‍ ഡാം തുറക്കും
text_fieldsഅമ്പലപ്പുഴ: പുഞ്ചകൃഷിക്ക് ഓരുവെള്ളം വില്ലനായതോടെ പരിഹാരത്തിനായി ഡാം തുറക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പരിഹാരമാകുന്നു.
കാര്‍ഷിക മേഖലയിലെ തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് കൂടുന്ന സാഹചര്യത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി വിളിച്ച അടിയന്തര യോഗത്തില്‍ എച്ച്. സലാം എം.എല്‍.എയാണ് ഡാം തുറക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ‘മാധ്യമം’ വാര്‍ത്ത ചെയ്തിരുന്നു. വേലിയിറക്ക് സമയത്ത് മണിയാര്‍ ഡാമില്‍നിന്ന് വെള്ളം തുറന്നുവിടാനാണ് നടപടി സ്വീകരിച്ചത്. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് വർധിച്ചു വരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എൻജിനീയര്‍ എന്നീ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി ഓരുമുട്ടുകൾ അടച്ചിട്ടുണ്ടെന്നും ഓരുവെള്ളം കയറുന്നില്ലെന്നും ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശം നല്കി. കന്നുകാലി പാലത്തിലുള്ള മാന്തറ ഓരുമുട്ട് എത്രയും പെട്ടെന്ന് അടക്കാൻ മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിർദേശം നല്കി.
എം.എല്‍.എമാരായ എച്ച്. സലാം, തോമസ് കെ. തോമസ്, ദലീമ ജോജോ, കലക്ടര്‍ അലക്സ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ സി. അമ്പിളി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പുന്നപ്ര തെക്ക്-വടക്ക് പാടശേഖര ഏകോപനസമിതി സെക്രട്ടറി രാജ്കുമാര് മംഗലത്ത് പറഞ്ഞു. ഓരുമുട്ടുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍, ഡിസംബര്‍ അവസാനിച്ചിട്ടും മാന്തറ ഓരുമുട്ട് നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഷട്ടറുകളുടെ കൃത്യമായി പ്രവര്‍ത്തിക്കാത്തതും ഓരുവെള്ളം കയറാനുള്ള സാഹചര്യം ഒരുക്കി. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കാരണം. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ ആറ് കര്‍ഷക ഏകോപനസമിതിയുടെ കൂട്ടായ്മയായ ഐക്യകുട്ടനാട് പാടശേഖര ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും രാജ്കുമാര് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

