ക്ഷീരകർഷകർ ദുരിതത്തിൽ; ചർമമുഴ വ്യാപകം
text_fieldsചർമമുഴ രോഗംബാധിച്ച പശു
ചാരുംമൂട്: ക്ഷീരകർഷകരെ ദുരിതത്തിലാക്കി പശുക്കളിൽ ചർമമുഴ വ്യാപകമാകുന്നു. ചാരുംമൂട് മേഖലയിൽ പാലമേൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് രോഗം കണ്ടെത്തിയത്.രോഗം മൂർച്ഛിച്ച് ശരീരം മുഴുവൻ വ്രണങ്ങളുമായി അവശനിലയിലായ പശുക്കളുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. മുഴകൾ പൊട്ടിയൊലിച്ച് മുറിവുണ്ടാകുന്നത് കന്നുകാലികളുടെ ആരോഗ്യത്തെ വലിയ രീതിയിൽ തളർത്തുന്നു.
ചർമമുഴ കാരണം പനിയും വിശപ്പില്ലായ്മയും ഉണ്ടായി കറവപ്പശുക്കളിൽ പാൽ ഗണ്യമായി കുറയുകയാണ്.രോഗം ബാധിച്ച പശുക്കൾ വളരെ പെട്ടെന്നുതന്നെ അവശനിലയിലാവുകയാണ്. പശുക്കളുടെ ശരീരത്തിൽ ചെറുനാരങ്ങ വലിപ്പത്തിൽ കുരുക്കളുണ്ടായി അത് പൊട്ടിയൊലിക്കുന്നതാണ് രോഗം.
ഇതോടെ പശുക്കളിൽ പാൽ ഉൽപാദനത്തിന്റെയും പ്രത്യുൽപാദനത്തിന്റെയും തോത് ഗണ്യമായി കുറയുന്നു. രോഗം ഭേദമാകാൻ മൂന്നാഴ്ച മുതൽ രണ്ടുമാസം വരെ സമയമെടുക്കും. ഇത് ക്ഷീരകർഷകരുടെ വരുമാനത്തെ സാരമായി ബാധിച്ചു. ബാങ്കുകളിൽനിന്ന് വായ്പയെടുത്തും സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് കടമെടുത്തുമാണ് പലരും പശുക്കളെ വാങ്ങി പരിപാലിക്കുന്നത്.
ചർമമുഴ പ്രതിരോധിക്കാൻ കൃത്യമായ മരുന്ന് ലഭ്യമല്ലാത്തതും ഏറ്റവും കൂടുതൽ ക്ഷീരകർഷകരുള്ള ഈ മേഖലയിൽ രോഗം കൂടുതലായി കണ്ടുവരുന്നതും കർഷകരെ ആശങ്കയിലാഴ്ത്തി.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ നടക്കുന്നുണ്ടെങ്കിലും പാലമേൽ അടക്കമുള്ള പഞ്ചായത്തുകളിൽ നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.രോഗബാധ കണ്ടതോടെ മൃഗാശുപത്രിയിൽ നേരിട്ടെത്തി വിവരം പറഞ്ഞെങ്കിലും ഡോക്ടർ തിരിഞ്ഞുനോക്കിയില്ലെന്നും ക്ഷീരകർഷകർക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

