കേരളത്തില്‍ വീണ്ടും എല്‍.ഡി.എഫ് അധികാരത്തിലെത്തും -ഡി. രാജ
text_fieldsസി.പി.ഐ സംസ്ഥാന സമ്മേളന സമാപനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടന്ന പൊതുസമ്മേളനം
ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: കേരളത്തിൽ ആസന്നമായ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി കേരളത്തിലെ സമസ്ത മേഖലകളും വികസനം കൈവരിച്ചെന്നും അതിനുള്ള അംഗീകാരം ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരാണ് കമ്യൂണിസ്റ്റുകാർ. എന്നാൽ, സ്വാതന്ത്ര്യസമരത്തില്‍ കാഴ്ചക്കാരായിപോലും നിൽക്കാതിരുന്ന ആർ.എസ്.എസ് ദേശീയതയെപ്പറ്റി വാചാലരാവുകയാണ്. ആർ.എസ്.എസ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ രാജ്യം വലിയ ഭീഷണി നേരിടുകയാണ്. സർവ മേഖലയിലും അസമത്വം നിലനില്ക്കുന്നു. ഭരണഘടനക്ക് വിരുദ്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
രാജ്യത്തെ ജനാധിപത്യം മൃതാവസ്ഥയിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായ കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രൻ, പി. സന്തോഷ്കുമാർ എം.പി, നേതാക്കളായ ഇ. ചന്ദ്രശേഖരൻ, പി.പി. സുനീർ, സത്യൻ മൊകേരി, പന്ന്യൻ രവീന്ദ്രൻ, വി. ചാമുണ്ണി, കെ.ആർ. ചന്ദ്രമോഹൻ, മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, സ്വാഗതസംഘം കൺവീനർ ടി.ജെ. ആഞ്ചലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.സ്വാഗതസംഘം ചെയര്മാന് മന്ത്രി പി. പ്രസാദ് സ്വാഗതവും ജില്ല സെക്രട്ടറി എസ്. സോളമന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

